അഭിനേതാക്കളുടെ സ്വകാര്യ ജീവിതം പലപ്പോഴും പൊതുജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തിൽ ആരോഗ്യവിവരങ്ങളും വിവാഹമോചനവുമൊക്കെ നിരന്തരം ചർച്ച ചെയ്യപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നയാളാണ് നടി സാമന്ത റൂത് പ്രഭു. നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനവും ഓട്ടോഇമ്മ്യൂൺ ഡിസീസ് സ്ഥിരീകരിച്ചതുമൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഇപ്പോഴിതാ ജനങ്ങൾ നിരന്തരമായി നിരീക്ഷിക്കുംവിധം തന്റെ സ്വകാര്യജീവിതം ചർച്ച ചെയ്യപ്പെടുന്നതിന്റെ വെല്ലുവിളികളേക്കുറിച്ച് പങ്കുവെക്കുകയാണ് സാമന്ത.

To advertise here,

എൻഡിടിവി വേൾഡ് സമ്മിറ്റിനിടെയാണ് സാമന്ത ഇതേക്കുറിച്ച് പങ്കുവെച്ചത്. തന്റെ ജീവിതത്തിലെ ചെറിയ ഭാഗം പോലും അറിഞ്ഞവർക്ക് വിവാഹമോചനം, അസുഖം തുടങ്ങിയ വ്യക്തിപരമായ വെല്ലുവിളികൾ പോലും പരസ്യമായി അറിയാം എന്ന് സാമന്ത പറയുന്നു. ഇവയക്ക് പിന്നാലെ ട്രോളുകളും മുൻവിധികളും നേരിടേണ്ടി വരുന്നുവെന്നും സാമന്ത പറയുന്നു.

എല്ലാം മനസ്സിലാക്കിയിരിക്കുന്ന ആളായി സ്വയം അവതരിപ്പിക്കാൻ താൽപര്യമില്ലെന്നും സാമന്ത പറയുന്നുണ്ട്. തന്റെ കാര്യത്തിൽ എല്ലാം ശരിയായിട്ടില്ല, ജീവിതവും ശരിയായിട്ടില്ല. പക്ഷേ അതേക്കുറിച്ച് സംസാരിക്കാൻ കഴിയുന്നുണ്ട്. താൻ എല്ലാം തികഞ്ഞയാളുമല്ല. തെറ്റുകൾ ചെയ്തേക്കാം, പക്ഷേ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്.

സാധാരണ കുടുംബത്തിൽ നിന്നുവന്ന് സിനിമാരംഗത്ത് തന്റേതായ ഇടംനേടിയതിനേക്കുറിച്ചും താരം പറയുന്നുണ്ട്. ‘’എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ്. ആദ്യസിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റരാത്രികൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കൈയടിയുംവന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.’’

പുഷ്പാ സിനിമയിലെ ‘ഊ അണ്ടാവാ’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സാമന്ത പറയുന്നുണ്ട്. തന്നേക്കൊണ്ട് കഴിയുമോ എന്ന് നോക്കാനാണ് ആ ഗാനം ചെയ്തത്. താൻ സ്വയം നൽകിയ വെല്ലുവിളിയാണത്. താനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. ഒരാളും തനിക്ക് ബോൾഡായ കഥാപാത്രം തരാനും പോകുന്നില്ലായിരുന്നു. - സാമന്ത കൂട്ടിച്ചേർത്തു.

2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.