ബോളിവുഡ് താരം സൽമാൻ ഖാനെക്കുറിച്ച് രസകരമായ ഓർമ പങ്കുവെച്ച് ചലച്ചിത്ര നിർമാതാവ് ശൈലേന്ദ്ര സിംഗ്. സൽമാന്റെ ഗാലക്സി അപ്പാർട്ട്‌മെന്റിൽവെച്ച് നടന്ന തികച്ചും അസാധാരണമായ ഒരു ഹെയർ തെറാപ്പിയെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ബോളിവുഡ് സൂപ്പർസ്റ്റാറായി തുടരാൻ സൽമാൻ ഖാൻ ഏതറ്റം വരെ പോകാൻ തയ്യാറാണെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്ന് ശൈലേന്ദ്ര സിംഗ് പറഞ്ഞു. സൈറസ് ബ്രോച്ചയുമായുള്ള അഭിമുഖത്തിലാണ് ഈ സംഭവം സിംഗ് ഓർത്തെടുത്തത്.

To advertise here,

സൽമാൻ ഖാന്റെ വീട്ടിൽ ഒരു തിങ്കളാഴ്ച രാത്രി നടന്ന പാർട്ടിക്കിടെയാണ് ഈ സംഭവം നടന്നത്. അടുക്കളയിലെ ഒരു ചെറിയ മേശയ്ക്കു മുന്നിലിരുന്ന് കണ്ണാടിയിൽ നോക്കി ബിരിയാണി കഴിക്കുകയായിരുന്നു സൽമാൻ. കണ്ണാടിയിൽ നോക്കി ഭക്ഷണം കഴിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. അടുത്തിരിക്കുന്നവർ കണ്ണാടിയിലൂടെയാണ് അദ്ദേഹത്തോട് സംസാരിക്കാറുള്ളതെന്നും ശൈലേന്ദ്ര സിംഗ് പറയുന്നു. ഈ ഭക്ഷണനേരത്ത് തികച്ചും അപ്രതീക്ഷിതമായ ഒരു അനുഭവത്തിന് താൻ സാക്ഷിയായെന്നും ശൈലേന്ദ്ര സിംഗ് പറഞ്ഞു.

"അദ്ദേഹം ബിരിയാണി കഴിച്ചിരിക്കുകയായിരുന്നു. നിങ്ങൾക്ക് സൽമാനെ അറിയാമല്ലോ, ഭക്ഷണം ആസ്വദിക്കുന്നയാൾ, പ്രത്യേകിച്ച് അല്പം മദ്യം കഴിച്ചതിനുശേഷം. പെട്ടെന്ന്, വിചിത്ര രൂപമുള്ള ഒരാൾ അകത്തേക്ക് വന്ന്, കയ്യുറകളണിഞ്ഞ്, ഒരു സൂചി എടുത്ത് അദ്ദേഹത്തിന്റെ തലയോട്ടിയിൽ കുത്തിവെക്കാൻ തുടങ്ങി. ഞാൻ ഇതൊക്കെ കണ്ണാടിയിൽ നോക്കി ചിന്തിക്കുകയായിരുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഓർത്തുകൊണ്ടിരിക്കേ സൽമാൻ ശാന്തനായി പറഞ്ഞു, ഒരു താരമാകാൻ വില നൽകേണ്ടി വരും, സഹോദരാ എന്ന്. ഇതിനിടയിലും അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു." ശൈലേന്ദ്രയുടെ വാക്കുകൾ.

ഈ ചികിൽസ പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി ആണെന്ന് താൻ പിന്നീട് മനസ്സിലാക്കിയെന്ന് ശൈലേന്ദ്ര സിംഗ് പറഞ്ഞു. ഒരു വ്യക്തിയുടെ സ്വന്തം രക്തത്തിൽ നിന്നുള്ള പ്ലാസ്മ മുടി കൊഴിച്ചിൽ തടയുന്നതിനായി തലയോട്ടിയിൽ കുത്തിവെക്കുന്ന രീതിയാണിത്. ഇന്ത്യയിൽ അക്കാലത്ത് ഈ രീതി അത്ര നിയമപരമായിരുന്നില്ലെന്നും വർഷത്തിൽ നാല് തവണ താൻ ഈ ചികിൽസ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ അന്ന് സാക്ഷിയായത് സൽമാൻ ഖാന്റെതന്നെ രക്തം അദ്ദേഹത്തിന്റെ തലയോട്ടിയിൽ കുത്തിവെയ്ക്കുന്ന കാഴ്ചയ്ക്കായിരുന്നെന്നും ശൈലേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.

അടുത്തിടെ ജിമ്മിൽ നിന്നുള്ള തന്റെ മൊട്ടയടിച്ച ലുക്കിലുള്ള ചിത്രം പങ്കുവെച്ച് സൽമാൻ ഖാൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ മാതൃഭൂമി, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'SVC63' എന്നീ സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. ഇതിൽ 'SVC63' എന്ന ചിത്രം 2027 ഈദ് റിലീസായി പുറത്തിറങ്ങുമെന്നാണ് സൂചന.