മികച്ച നടൻ എന്നതിനൊപ്പം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളുള്ള, അത് മറയില്ലാതെ പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സലിം കുമാർ. പലപ്പോഴും പലകാരണങ്ങളാൽ ചലച്ചിത്രപ്രവർത്തകർ തങ്ങളുടെ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കാൻ മടിച്ചപ്പോൾ, അദ്ദേഹം അത ഉറക്കെ പറഞ്ഞു. സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ മാത്രമല്ല, സിനിമാരംഗത്തെ നീതികേടുകളും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. അതിന്റെയൊക്കെ പേരിൽ അദ്ദേഹത്തിന് വിമർശനങ്ങളും തിരസ്‌കാരങ്ങളും നേരിടേണ്ടിവന്നു.
മലയാളത്തിൽ പൊതുവേ സിനിമാക്കാർ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കാറില്ല. ഉണ്ടെങ്കിൽത്തന്നെ ഇടതുപക്ഷ നിലപാടുള്ളവരാണ് തങ്ങളുടെ നിലപാട് കുറച്ചെങ്കിലും വ്യക്തമാക്കാറുള്ളത്. അക്കാര്യത്തിൽ സലിം കുമാർ വ്യത്യസ്തനാണ്. ആദ്യംമുതൽത്തന്നെ കോൺഗ്രസ് അനുഭാവിയാണെന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളിൽകോൺഗ്രസ് അനുകൂല നിലപാടുകൾ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നുപറയാൻ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയ സ്വത്വം മറച്ചുവെക്കുന്നത് സമൂഹത്തോടുള്ള വലിയ ചതിയാണെന്നുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാട്. കലാകാരൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത് ശത്രുത മൂലമല്ലെന്നും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനാണെന്നും അദ്ദേഹം കരുതി.
സഹപ്രവർത്തകരായ ധർമ്മജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവർ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചപ്പോൾ അവർക്കുള്ള തന്റെ പിന്തുണ സലിംകുമാർ പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഉപദേശം തേടിയ രമേശ് പിഷാരടിയോട്, രാഷ്ട്രീയരംഗത്ത് നിരവധി മോശം അനുഭവങ്ങളും വെല്ലുവിളികളും ഉണ്ടാകുമെന്നും അവയെയൊക്കെ നേരിടാനുള്ള ആർജ്ജവമുണ്ടെങ്കിൽ രാഷ്ട്രീയത്തിൽ സജീവമാകുന്നത് നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വടക്കൻ പറവൂർ നിയോജകമണ്ഡലത്തിൽ വി.ഡി. സതീശൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പറവൂരുകാരായ തങ്ങൾക്കായിരിക്കും അടുത്ത മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് ലഭിക്കുകയെന്നും അദ്ദേഹം തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.
യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സലീം കുമാർ സജീവമായിരുന്നു. ഇത്തരം വേദികളിൽ ഇടതുപക്ഷ ആശയങ്ങളെയും ഇടത് സർക്കാരിനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇടതുപക്ഷത്തിനായി ന്യായീകരണവുമായി രംഗത്തിറങ്ങുന്ന കലാകാരൻമാരെയും അദ്ദേഹം പരിഹസിച്ചിരുന്നു. 'കലാകാരന്മാർ ഇപ്പോൾ ഇടതുപക്ഷത്തിന്റെ കോമാളികളായി മാറിയിരിക്കുകയാണെ'ന്ന് പറവൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പറഞ്ഞിരുന്നു.
ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന കഴിഞ്ഞ സർക്കാരിന്റെ അവകാശവാദങ്ങളെയും അദ്ദേഹം പരിഹസിച്ചിരുന്നു. സർക്കാരിന്റെ ഭരണപരമായ പരാജയങ്ങളും സാമ്പത്തിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി 'ഇതുകൊണ്ടാണ് മെസ്സി കേരളത്തിലേക്ക് വരാതിരുന്നത്' എന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിന്റെ വികസന സങ്കൽപ്പങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ തന്റെ തനതായ ഹാസ്യവും രാഷ്ട്രീയ ആക്ഷേപഹാസ്യവും ഒരുപോലെ പ്രയോഗിച്ചു സലിംകുമാർ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരേ നടത്തിയ പരിഹാസം വിവാദമാകുകയും ചെയ്തു. വികസന കാര്യത്തിൽ കേരളം അമേരിക്കയേക്കാൾ മുന്നിലാണെന്ന പിണറായിയുടെ പ്രസ്താവനയെ പരിഹസിക്കവേ ആയിരുന്നു അത്. അമേരിക്ക സന്ദർശിച്ച ഒരു സുഹൃത്തിന്റെ മകൻ കേരളത്തിലെ വികസനം കണ്ട് അത്ഭുതപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ച്, ആ യുവാവിനെ താൻ തിരഞ്ഞുപോയെന്നും ഒടുവിൽ തിരുവനന്തപുരത്തെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലാണ് കണ്ടെത്തിയതെന്നും സലീം കുമാർ പറഞ്ഞു. കൂടാതെ, കേരളത്തിൽ കോടികൾ നിക്ഷേപിക്കാൻ വന്ന വ്യവസായിയെയും ഇതേ ആശുപത്രിയിലെ അടുത്ത വാർഡിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം പരിഹസിച്ചു. 'ഇലക്ട്രിക് ഷോക്ക്' നൽകിയാൽ പോലും ഈ ഭ്രാന്ത് ഭേദമാകില്ലെന്നും പറഞ്ഞു. ഈ പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. മാനസിക രോഗികളെ പരിഹസിക്കുന്നതാണ് പരാമർശങ്ങളെന്നുകാട്ടി പലരും രംഗത്തെത്തി. എന്നാൽ, താൻ മാനസിക വെല്ലുവിളി നേരിടുന്നവരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന ഉറച്ച നിലപാടായിരുന്നു സലിംകുമാർ സ്വീകരിച്ചത്.
2021-ൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലായി നടത്തിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) കൊച്ചി പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതിൽ സലിം കുമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലയിൽ താമസിക്കുന്ന ദേശീയ പുരസ്‌കാര ജേതാവായ തന്നെ ഉദ്ഘാടന തിരി തെളിക്കാൻ നിശ്ചയിച്ച 24 പേരുടെ പട്ടികയിൽന്ന് ഒഴിവാക്കിയത് മനഃപൂർവ്വമാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും സാംസ്‌കാരിക മന്ത്രി എ.കെ. ബാലനും സലിം കുമാറിനെ ഫോണിൽ വിളിച്ച് ക്ഷണിച്ചെങ്കിലും വൈകിവന്ന ആ ക്ഷണം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
രാഷ്ട്രീയത്തിന്റെ പേരിൽത്തന്നെയാണ് അമ്മ സംഘടനയിൽനിന്ന് സലിംകുമാർ രാജിവെച്ചതും. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികളിലും ചലച്ചിത്രമേഖലയിൽനിന്നുള്ളവർ സ്ഥാനാർഥികളായിരുന്നു. ഇതോടെ, അമ്മയിലെ അംഗങ്ങൾ ആർക്കുവേണ്ടിയും പ്രചാരണ രംഗത്തിറങ്ങേണ്ടെന്ന് സംഘടനയിൽ വാക്കാൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് സംഘടനയുടെ വൈസ് പ്രസിഡന്റായ മോഹൻലാലും സംവിധായകൻ പ്രിയദർശനും ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് സലിംകുമാറിനെ പ്രകോപിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് സലിം കുമാർ തന്റെ അംഗത്വം രാജിവെച്ചുകൊണ്ട് സംഘടനയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് കത്ത് നൽകി.
ഉന്നത പദവിയിലിരിക്കുന്നവർ തന്നെ സംഘടനയുടെ അലിഖിത നിയമങ്ങൾ ലംഘിച്ചതാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സഹപ്രവർത്തകനായ ജഗദീഷിന് വേണ്ടി താൻ പ്രചാരണത്തിന് പോകാതിരുന്നത് നിയമങ്ങൾ മാനിച്ചാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സംഭവം 'അമ്മ' സംഘടനയ്ക്കുള്ളിലെ ശക്തമായ ചേരിതിരിവുകളെയും രാഷ്ട്രീയ ബന്ധങ്ങളെയും പുറത്തുകൊണ്ടുവരുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
2023 ഓഗസ്റ്റിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ 'ശാസ്ത്രവും മിത്തുകളും' എന്ന വിഷയത്തിലെ പ്രസംഗം വലിയ വിവാദങ്ങൾ സൃഷ്ടിച്ചപ്പോൾ സലിം കുമാർ തന്റെ ശക്തമായ പരിഹാസവുമായി രംഗത്തുവന്നു. ഗണപതി മിത്താണെന്ന ഷംസീറിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, 'മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണ'മെന്ന് സലിം കുമാർ പരിഹസിച്ചു. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് 2018-ലെ ശബരിമല സ്ത്രീപ്രവേശന വിധിയുടെ സമയത്ത് ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നവോത്ഥാന നിലപാടുകൾ പിന്നീട് തിരഞ്ഞെടുപ്പ് തോൽവികളെത്തുടർന്ന് അവർക്ക് തിരുത്തേണ്ടി വന്നതും പാരമ്പര്യ വിശ്വാസികൾക്കൊപ്പം നിൽക്കേണ്ടി വന്നതുമായ രാഷ്ട്രീയ പശ്ചാത്തലം സലിം കുമാറിന്റെ ഈ പരിഹാസത്തിന് പിന്നിലുണ്ടായിരുന്നു.
സലിം കുമാറിന്റെ രാഷ്ട്രീയ ഇടപെടലുകൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. സാംസ്‌കാരിക സ്ഥാപനങ്ങളുടെ മേൽ ഇടതുപക്ഷം പുലർത്തുന്ന രാഷ്ട്രീയ മേധാവിത്വത്തെ അദ്ദേഹം പലപ്പോഴും ചോദ്യംചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയുള്ള ഒരു മുൻനിര കലാകാരനെ അക്കാദമി ചടങ്ങുകളിൽനിന്ന് മാറ്റിനിർത്തിയത് കേരളത്തിലെ സാംസ്‌കാരിക രംഗത്തെ കക്ഷിരാഷ്ട്രീയ അതിപ്രസരത്തിന്റെ ഉദാഹരണമായിരുന്നു. അത് തുറന്നുപറയാൻ അദ്ദേഹം മടിച്ചുമില്ല. സാംസ്‌കാരിക അക്കാദമികളുടെ തലപ്പത്തേക്ക് രാഷ്ട്രീയ അനുഭാവമുള്ളവർ എത്തുന്നതും ചലച്ചിത്ര സംഘടനകളിൽ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ മാറുന്നതും സലിം കുമാർ തന്റെ നിലപാടുകളിലൂടെ നിരന്തരം തുറന്നുകാട്ടിയിരുന്നു.
Content Highlights: Salim Kumar's vocal support for Congress and democratic political identity., His bold critique of government failures, including the 'Myth vs Science' controversy., The incident involving his exclusion from IFFK and the subsequent protest., His resignation from AMMA due to the violation of organizational rules by senior members., Using satire and humor to hold power accountable in the political landscape.
Published: 07 Jun 2026, 12:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented