കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി.സി വിഷ്ണുനാഥ്. എറണാകുളം പ്രസ് ക്ലബ്ബിൽവെച്ചാണ് സലിം കുമാറിനെ ആദ്യമായി കാണുന്നതെന്നും അസാധാരണ അഭിനേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസം തോന്നിയെന്നും അദ്ദേഹം പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചുവെന്നും മന്ത്രി കുറിച്ചു.
'സലീമേട്ടന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു. ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു.'-അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മിമിക്രി കലകാരനിൽ നിന്നു ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും. സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പി.സി വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട സലീമേട്ടൻ പോയി ....
ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ രാവിലെ മകൻ ചന്തുവിനെ വിളിച്ച് അന്വേഷിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് ചന്തു പറഞ്ഞപ്പോൾ ആശ്വാസം തോന്നി; പലതവണ ജീവിതത്തിലേക്ക് തിരിച്ചു വരാറുള്ളതുപോലെ സലിമേട്ടൻ തിരിച്ചുവരും എന്നു തന്നെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഏറെ ദുഃഖകരമായ വാർത്തയാണ് മലയാളികളെ തേടിവന്നത്.
സലിംകുമാർ എന്ന നടനെ ആദ്യം നേരിൽ കണ്ടത് എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ചാണ്; ലാൽ ജോസിന്റെ 'അച്ഛൻ ഉറങ്ങാത്ത വീട്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ഞാൻ മറ്റൊരു വാർത്താ സമ്മേളനത്തിന്റെ ഭാഗമായും. കെഎസ്യു പ്രസിഡന്റ് ആയിരുന്ന എന്നോട് വളരെ വാത്സല്യവും സ്‌നേഹവും കാട്ടി, അന്ന് പറഞ്ഞ വാക്കുകളിൽ ഇപ്പോഴും ഓർമ്മയുണ്ട്. 'ഞാനൊരു എം.എ ക്കാരൻ ആണെന്നും കോൺഗ്രസുകാരൻ ആണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല!' അങ്ങനെ തുടങ്ങിയ സംഭാഷണം വലിയ ആത്മബന്ധത്തിലേക്ക് വഴിമാറി. പിന്നെ എത്രയോ കൂടിച്ചേരലുകൾ, സംഭാഷണങ്ങൾ,ഒരുമിച്ചുള്ള പരിപാടികൾ.
മനുഷ്യന്റെ സന്തോഷവും സങ്കടവും നിസ്സഹായതയും ആത്മാഭിമാനവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അസാധാരണ അഭിനേതാവായിരുന്നു സലിമേട്ടൻ. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും കടന്നുകയറിയ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം, അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച കലാകാരനാണ്.
സലിമേട്ടന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി മാറുമായിരുന്നു.
ഹാസ്യരംഗങ്ങളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അതേ നടൻ, ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ കണ്ണ് നനയിപ്പിക്കുകയും ചെയ്തു.
അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ആദാമിന്റെ മകൻ അബു തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം വെറും ഹാസ്യ നടനല്ലെന്നും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണെന്നും തെളിയിച്ചു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്ത അദ്ദേഹത്തിന്റെ രീതി ഓരോ അഭിനേതാവിനും പാഠപുസ്തകമാണ്. ദേശീയ പുരസ്‌കാരം നേടിയ അഭിനയ പ്രതിഭ മാത്രമല്ല, മികച്ച സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം.
ഞങ്ങളെ ഒരുപാട് സ്‌നേഹിച്ച, പൊതുപ്രവർത്തകരെ വിമർശനാത്മകമായി സമീപിച്ച സലിംകുമാറിന്റെ വിയോഗം വ്യക്തിപരമായ വലിയ നഷ്ടം കൂടിയാണ്.
സലിമേട്ടൻ ഇല്ലെന്ന സത്യം അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആർക്കും ഉൾക്കൊള്ളാൻ സാധിക്കുകയില്ല.
വേദനയോടെ വിട ...
Content Highlights: Renowned Malayalam actor Salim Kumar passes away, leaving a void in the film industry., P.C. Vishnunath recalls his personal bond and the actor's natural acting style., Political leaders highlight his journey from mimicry artist to National Award winner., Tributes emphasize his ability to balance comedy and serious roles with ease.
Published: 07 Jun 2026, 02:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented