മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം 'റോട്ടൻ സൊസൈറ്റി' ആഗോളതലത്തിൽ അപൂർവനേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ (150 അവാർഡുകൾ) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കൻ ഒ.ടി.ടി. വിതരണ കമ്പനിയായ പി.ഒ.വി. ഹൊറർ വഴി ജൂലൈ 19-ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിർവഹിച്ച 'റോട്ടൻ സൊസൈറ്റി' ഒരു സോഷ്യൽ സറ്റയർ- ത്രില്ലർ ചിത്രമാണ്.

To advertise here,

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ, സ്‌നേഹൽ റാവു എന്നിവർ നിർമിച്ച സിനിമയിൽ ടി. സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്‌നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ്. കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ, ആറ്റുകാൽ രമേശ്, ശിവപ്രസാദ് ജി, സുരേഷ് കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ, അനിൽ കുമാർ, അമൃത് സുനിൽ, ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർഥ്, വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 'റോട്ടൻ സൊസൈറ്റി' എന്ന സിനിമയുടെ ആഖ്യാന ശൈലി തികച്ചും പരീക്ഷണാത്മകവും മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്തതുമാണ്. കാണാതാകുന്ന വാർത്താ റിപ്പോർട്ടറെയും അയാളുടെ ഡിജിറ്റൽ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോർഡ് ചെയ്യപ്പെട്ട ക്യാമറ ഒരു ഭ്രാന്തന്റെ കൈകളിൽ അകപ്പെടുന്നതും തുടർന്ന് സമൂഹത്തിലെ വിചിത്രമായ യാഥാർഥ്യങ്ങൾ അയാൾ അതിലൂടെ പകർത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. രാഷ്ട്രീയ ഗൂഢാലോചനകൾ, ഒരു കൊലപാതകത്തിന്റെ രഹസ്യങ്ങൾ, അധികാര വർഗത്തിന്റെ അഴിമതി എന്നിവയെല്ലാം ഭ്രാന്തൻ കഥാപാത്രത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് പ്രേക്ഷകർ കാണുന്നത്. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെയും രാഷ്ട്രീയ നാടകങ്ങളെയും കടുത്ത വിമർശനത്തിന് വിധേയമാക്കുന്ന സോഷ്യൽ സറ്റയറാണ് ചിത്രം. വലിയ ലൈറ്റിംഗ് സംവിധാനങ്ങളോ സിനിമാറ്റിക് ഗിമ്മിക്കുകളോ ഇല്ലാതെ തികച്ചും റോ ആയാണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരമില്ലാതെ, ദൃശ്യങ്ങളിലെ സ്വാഭാവിക ശബ്ദങ്ങൾക്കാണ് ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സിനിമയുടെ സിനിമാറ്റോഗ്രാഫി, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകനായ എസ്.എസ്. ജിഷ്ണു ദേവ് തന്നെയാണ്. സിനിമയുടെ വിജയത്തിന്റെ നിർണായക ഘടകമായ സൗണ്ട് എഫക്ട്‌സ് ചെയ്തിരിക്കുന്നതു ഷാബു ആണ്. ഒപ്പം സൗണ്ട് ഡിസൈൻ മികച്ച രീതിയിൽ നിർവഹിച്ചിരിക്കുന്നത് വിഷ്ണു ജെ.എസ്.

പൂർണമായും ഫൗണ്ട് ഫൂട്ടേജ് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന ക്യാമറകളിൽ നിന്നോ യാദൃച്ഛികമായി കണ്ടെടുത്ത വീഡിയോ ക്ലിപ്പുകളിൽ നിന്നോ ഉള്ള ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഇത്തരം സിനിമകൾ നിർമിക്കുന്നത്. റിയലിസ്റ്റിക് അനുഭവവും ഉദ്വേഗവും പ്രേക്ഷകന് നൽകാൻ ഈ ശൈലിക്ക് കഴിയുന്നു. ഹോളിവുഡിൽ ഹൊറർ സിനിമകൾ ധാരാളമായി ഈ ശൈലി ഉപയോഗിച്ച് അവതരിപ്പിച്ചു കാണാറുണ്ട്. എന്നാൽ റോട്ടൻ സൊസൈറ്റി പോലുള്ള സറ്റയർ വിഭാഗത്തിലെ സിനിമകൾ വളരെ വിരളമാണ്. ഫിലിം ഫെസ്റ്റിവലുകളിൽ റോട്ടൻ സൊസൈറ്റി ശ്രദ്ധേയമാകാനും കാരണം ഇതുതന്നെയാണ്. നെലസ് അക്കാഡമി അവാർഡ് (നൈജീരിയ), ടോപ് ഇൻഡീ ഫിലിം അവാർഡ്സ് (ജപ്പാൻ), വെഗാസ് മൂവി അവാർഡ്സ് ( യു.എസ്.എ) , ന്യൂയോർക് ഒനിറോസ് ഫിലിം അവാർഡ്സ്, സെപ്സ്റ്റോൺ മൂവി അവാർഡ്സ്, പതിനൊന്നാമത് രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അഞ്ചാമത് മുംബൈ ഇൻഡീ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി 100-ലധികം ഫെസ്റ്റിവലുകളിൽ നിന്നാണ് 150 അവാർഡുകൾ നേടി റോട്ടൻ സൊസൈറ്റി ചരിത്രത്തിന്റെ ഭാഗമായി മാറിയത്. പുതുമയാർന്ന ദൃശ്യാവിഷ്‌കാരത്തിലൂടെയും മൂർച്ചയേറിയ സാമൂഹിക വിമർശനത്തിലൂടെയും രാജ്യാന്തര ജൂറിയുടെ പ്രശംസ പിടിച്ചുപറ്റാൻ യു.കെ. ഫിലിം റിവ്യു തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചിത്രത്തിന് സാധിച്ചു.

ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങൾക്കായി ആഗോളതലത്തിൽ ശ്രദ്ധേയരായ 'പി.ഒ.വി. ഹൊറർ' പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതോടെ, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിലേക്ക് മലയാള പരീക്ഷണ ചിത്രം നേരിട്ടെത്തും. വലിയ താരനിരകളില്ലാതെ, ശക്തമായ പ്രമേയവും വേറിട്ട അവതരണ ശൈലിയും കൊണ്ട് അന്താരാഷ്ട്ര തലത്തിൽ മലയാളത്തിന്റെ പെരുമ ഉയർത്തിയ 'റോട്ടൻ സൊസൈറ്റി'ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

കോ- പ്രൊഡ്യൂസർ: ഷൈൻ ഡാനിയേൽ, ജലതാ ഭാസ്‌കരൻ, പബ്ലിസിറ്റി ഡിസൈൻസ്: പ്രജിൻ ഡിസൈൻസ്, സ്റ്റുഡിയോ: ബ്രോഡ്‌ലാൻഡ് അറ്റ്‌മോസ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.