
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. 'ലോക'യുടെ വിജയത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ സിനിമയെഴുതി സംവിധാനംചെയ്ത വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് രൂപേഷ് പീതാംബരന്‍ ചോദിച്ചു. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടി റിമാ കല്ലിങ്കലിന്റേയും നിര്‍മാതാവ് വിജയ് ബാബുവിന്റേയും അഭിപ്രായപ്രകടനങ്ങള്‍ ചൂണ്ടിയാണ് രൂപേഷിന്റെ പരോക്ഷപ്രതികരണം.
'അവരും അവരുടെ സംഘത്തിന്റേയും പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രികൃത സിനിമ വന്‍വിജയം നേടിയതെന്ന് പ്രമുഖ നടി പറയുന്നു. സിനിമയുടെ വിജയം പൂര്‍ണമായും നിര്‍മാതാവിന്റേതാണെന്ന് മറ്റൊരു പ്രമുഖ നിര്‍മാതാവ് പറയുന്നു. സിനിമ കോടികളുടെ ക്ലബ്ബില്‍ എത്തിയത് നായികയുടെ വിജയമാണെന്ന് മാധ്യമങ്ങള്‍ പറയുന്നു', ആമുഖമായി രൂപേഷ് ചൂണ്ടിക്കാട്ടി.
'എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോള്‍ സിനിമ എഴുതി സംവിധാനംചെയ്ത ആ വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകന്‍ ഈ കഥ എഴുതിയില്ലായിരുന്നെങ്കില്‍ സിനിമ തന്നെ ഉണ്ടാകുമോ?', രൂപേഷ് ചോദിച്ചു.
'ഫാന്‍സ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക്- രോഷം കൊള്ളേണ്ട, ഞാന്‍ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്', എന്നാണ് രൂപേഷ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിത്രത്തിന്റേയോ നടിയുടേയോ നിര്‍മാതാവിന്റേയോ പേര് പറയാതെയാണ് രൂപേഷിന്റെ പോസ്റ്റ്.
‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്നായിരുന്നു റിമയുടെ വാദം. തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ അത്തരമൊരു ഇടമൊരുക്കുന്നതിലേക്ക് നയിച്ചുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ചിത്രത്തിനുള്ള ഇടം കണ്ടെത്തി അത് യാഥാര്‍ഥ്യമാക്കിയ വേഫെററിനും 'ലോക'യ്ക്കും മാത്രം അവകാശപ്പെട്ടതാണ് ക്രെഡിറ്റെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
Content Highlights: Director Roopesh Peethambaran questions why the writer-director is overlooked in discussions about the success of `Lokah: Chapter 1- Chandra`. He subtly addresses Rima Kallingal & Vijay Babu`s statements.
Published: 07 Oct 2025, 01:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented