ഈ ചോർച്ച സിനിമാ വ്യവസായത്തിലെ പണത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും സെൽവമണി ആശങ്ക പ്രകടിപ്പിച്ചു.

ജനനായകൻ എന്ന ചിത്രം ഓൺലൈനിൽ ചോർന്നതിനെ 500 കോടി രൂപയുടെ ബാങ്ക് കവർച്ചയോട് ഉപമിച്ച് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (FEFSI) പ്രസിഡന്റ് ആർ.കെ. സെൽവമണി. സിസ്റ്റത്തിലെ പിഴവുകളാണ് ഇത്തരം ചോർച്ചകളിലേക്ക് നയിക്കുന്നതെന്നും സിനിമാ മേഖലയുടെ പ്രവർത്തനം പുനർമൂല്യനിർണ്ണയം ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്കിൽ നിന്ന് 500 കോടി രൂപ മോഷ്ടിക്കപ്പെട്ടാൽ രാജ്യം മുഴുവൻ വലിയ പ്രതിഷേധം ഉയരുമായിരുന്നുവെന്നും എന്നാൽ ഒരു സിനിമയുടെ കാര്യത്തിൽ അതുണ്ടാകുന്നില്ലെന്നും സെൽവമണി പറഞ്ഞു. ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ചോർന്നതിലൂടെ നിർമാതാക്കൾക്ക് ആ തുക മുഴുവൻ നഷ്ടപ്പെടുകയാണ്. ഹോളിവുഡ് ചിത്രങ്ങൾ ഇത്തരത്തിൽ ചോർന്നാൽ കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും എന്നാൽ ഇന്ത്യൻ സിനിമയുടെ കാര്യത്തിൽ വേണ്ടത്ര ഗൗരവം ആരും കാണിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജനനായകൻ എന്ന ചിത്രം ചോർന്നത് ഒരു സിസ്റ്റത്തിന്റെ പരാജയമാണെന്ന കമൽഹാസന്റെ അഭിപ്രായത്തെ അദ്ദേഹം പിന്തുണച്ചു. സെൻസർ ബോർഡിന്റെ (CBFC) സർട്ടിഫിക്കേഷൻ വൈകുന്നത് പൈറസിക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുവെന്ന് കമൽ ഹാസൻ ചൂണ്ടിക്കാട്ടിയിരുന്നു. "എഡിറ്റ് പ്രിന്റ് ചോർച്ചയെക്കുറിച്ച് ഞങ്ങൾ സിനിമയുടെ എഡിറ്ററുമായി സംസാരിച്ചു. ഡബ്ബിങ്ങിനായി കർണാടകയിലേക്കും ഓഡിയോ മിക്സിംഗിനായി ഹൈദരാബാദിലേക്കും കോപ്പികൾ അയച്ചതായി അവർ പറഞ്ഞു. എവിടെ നിന്നാണ് ഇത് ചോർന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. മോഷ്ടിക്കപ്പെട്ട സ്വത്ത് യാതൊരു ഭയമോ പ്രതികരണമോ ഇല്ലാതെ ആളുകളുടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്." സെൽവമണി പറഞ്ഞു.
മോഷ്ടിക്കപ്പെട്ട വസ്തുക്കൾ ഇന്റർനെറ്റിലൂടെ വിൽക്കപ്പെടുന്നു എന്നതാണ് മറ്റൊരു ദുഃഖകരമായ കാര്യമെന്ന് സെൽവമണി പറഞ്ഞു. മോഷ്ടിക്കപ്പെട്ട കുറ്റവാളികൾക്ക് മൂന്ന് വർഷം വരെ തടവും നിർമാണ ചിലവിന്റെ 5 ശതമാനം പിഴയും ചുമത്താൻ നിയമമുണ്ടെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഐപി അഡ്രസ്സുകൾ പിന്തുടർന്ന് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സെൽവമണി ആവശ്യപ്പെട്ടു. ഈ ചോർച്ച സിനിമാ വ്യവസായത്തിലെ പണത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്നും സെൽവമണി ആശങ്ക പ്രകടിപ്പിച്ചു.
ഇനിയും റിലീസ് ചെയ്യാത്ത ജനനായകൻ ചോർന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സൈബർ ക്രൈം വിഭാഗം ഇതിനകം ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട്, പകർപ്പവകാശ നിയമം, സിനിമാറ്റോഗ്രാഫ് ആക്ട് എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Content Highlights: FEFSI President RK Selvamani compares the illegal online leak of Vijay's Jananayagan to a 500-crore bank robbery, slamming the lack of strict action and highlighting the systemic flaws in post-production and certification.
Published: 14 Apr 2026, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented