സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ മോഹൻലാൽ സ്റ്റൈൽ എൻട്രി. അമിതാഭ് ബച്ചന്‍ അവതാരകനായ ഹിന്ദി ടിവി ഷോ 'കോന്‍ ബനേഗാ ക്രോര്‍പതി'യിലാണ് ഋഷഭ് ഷെട്ടി മോഹന്‍ലാല്‍ സ്‌റ്റൈലില്‍ മുണ്ട് മടക്കിക്കുത്തി എത്തിയത്. മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗും ഋഷഭ് അനുകരിച്ചു.

To advertise here,

പരിപാടിയുടെ കഴിഞ്ഞദിവസത്തെ പ്രൊമോ വീഡിയോയിലെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കറുപ്പ് ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ഋഷഭ് ഷെട്ടിയുടെ വേഷം. 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍' ഹിന്ദിയിലടക്കം തരംഗമാവുന്നതിനിടെയാണ് ഋഷഭ് 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ അതിഥിയായി എത്തിയത്.

മുണ്ട് മടക്കിക്കുത്തി, 'പോ മോനെ ദിനേശാ', എന്ന ഡയലോഗില്‍ ചെറിയ മാറ്റത്തോടെ 'എന്താ മോനേ ദിനേശാ', എന്ന് ഋഷഭ് ഷെട്ടി പറയുമ്പോള്‍ കാണികള്‍ കൈയടിയോടെ എതിരേറ്റു. അമിതാഭ് ബച്ചനും സബാഷ് എന്ന് പറഞ്ഞു കൈയടികളോടെയാണ് ഋഷഭിനെ സ്വീകരിച്ചത്.

തുടര്‍ന്ന് താലത്തില്‍ ഒരു കസവ് മുണ്ട് ഋഷഭ് അമിതാഭ് ബച്ചന് സമ്മാനിക്കുന്നതായും പ്രൊമോ വീഡിയോയിലുണ്ട്. മുണ്ടുടുക്കുന്നത് ഒരു കലയാണെന്നും അത് പ്രത്യേകം പഠിക്കേണ്ടതുണ്ടെന്നും ബച്ചന്‍ പറയുന്നു. ഇല്ലെങ്കില്‍ സംഭവിക്കുന്നതെന്തെന്ന് ബച്ചന്‍ തമാശയും പങ്കുവെക്കുന്നുണ്ട്.

മോഹന്‍ലാല്‍ ആരാധകര്‍ ഇതിനകം വീഡിയോ ഏറ്റെടുത്തു. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. താന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് ഋഷഭ് നേരത്തെ പറഞ്ഞിട്ടുണ്ട്.