സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു ചോദ്യത്തിനുത്തരമായാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്.

ഋഷഭ് ഷെട്ടി | ഫോട്ടോ: സാജൻ വി. നമ്പ്യാർ \ മാതൃഭൂമി
കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി തൻ്റെ പുതിയ ചിത്രമായ 'കാന്താര ചാപ്റ്റർ 1'-ൻ്റെ പ്രചാരണത്തിരക്കിലാണ്. ഒക്ടോബർ 2-നാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ കേരളത്തിലെ പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ധയാകർഷിക്കുകയാണ്. സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ താൻ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒരു ചോദ്യത്തിനുത്തരമായാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്.
'കാന്താര ചാപ്റ്റർ 1' ചിത്രീകരണത്തിനിടെ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന റിപ്പോർട്ടുകൾ ശരിയാണോ എന്നായിരുന്നു ഋഷഭ് നേരിട്ട ഒരു ചോദ്യം. ചില രംഗങ്ങൾ ചെയ്യുമ്പോൾ മാത്രം അങ്ങനെ ചെയ്തിരുന്നുവെന്നാണ് ഇതിനോട് താരം പ്രതികരിച്ചത്. സ്വയം നിയന്ത്രിക്കുകയാണ് ഇതുവഴി ചെയ്തത്. ഈ ഭാഗങ്ങൾ ചിത്രീകരിക്കുമ്പോൾ സെറ്റിൽ അധികം ആളുകൾ ഇല്ലായിരുന്നു എന്ന് ഉറപ്പുവരുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"സിനിമ മുഴുവനായുമല്ല, ചില രംഗങ്ങളിൽ മാത്രം. ഇത് ഞാൻ മുൻപ് ചെയ്തിട്ടുള്ള ഒന്നല്ലാത്തതുകൊണ്ട് എനിക്ക് മനസ്സിന് വ്യക്തത ആവശ്യമായിരുന്നു. യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചില്ല. അത് ഞാൻ വിശ്വസിക്കുന്ന ഒരു ദൈവമാണ്, അതിനാൽ ആ സമയത്ത് ഞാൻ സ്വയം നിയന്ത്രിച്ചു. സാധാരണ, ചിത്രീകരണം നടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ സെറ്റിലുണ്ടാകും. എന്നാൽ ഈ ഭാഗങ്ങൾ ഞാൻ അങ്ങനെയല്ല ചിത്രീകരിച്ചത്. ഞാൻ വളരെ ശ്രദ്ധാലുവാണ്. വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു." ഋഷഭിന്റെ വാക്കുകൾ.
'കാന്താര ചാപ്റ്റർ 1' കാണുന്നതിന് മുൻപ് പ്രേക്ഷകർ മാംസാഹാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് വൈറലായിരുന്നു.'കാന്താര: ചാപ്റ്റര്‍ വണ്‍' കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതെന്നുമായിരുന്നു പോസ്റ്റർ. ഇതിനെ ഋഷഭ് തന്നെ തള്ളിക്കളഞ്ഞിരുന്നു. ഒരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലും ജീവിതരീതികളിലും ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമോ അർഹതയോ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ കാന്താര ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമാണെന്നും ഋഷഭ് വ്യക്തമാക്കിയിരുന്നു.
രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ, ജയറാം തുടങ്ങിയവരും കാന്താര:ചാപ്റ്റർ1-ൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന സിനിമയുടെ മലയാളം ഡിസ്ട്രിബ്യൂഷൻ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
Content Highlights: Kannada star Rishab Shetty reveals abstaining from non-veg and footwear for `Kantara Chapter 1` filming sequences due to his belief. He also addresses fan-made rituals.
Published: 27 Sept 2025, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented