
പുഷ്പ ടു റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഓര്‍മകളില്‍ വിതുമ്പി ഭര്‍ത്താവ് ഭാസ്കര്‍. മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ സര്‍വസ്വവും ആയിരുന്നവളുടെ മരണത്തിൽ തന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞ ഞെട്ടലില്‍ നിന്ന് ഭാസകര്‍ പുറത്തുകടന്നിട്ടില്ല. തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ മകന് ശ്രീതേജ് ഇപ്പോഴും ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണുള്ളത്.
'അവള് എനിക്ക് ജീവന് തന്നവളാണ്, ഇപ്പോള്‍ അവള് ഈ ലോകത്തുനിന്നു തന്നെ പോയിരിക്കുന്നു' ടൈംസ് ഓഫ് ഇന്ത്യയോട് ഭാസ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കരള്‍രോഗത്തെ തുടര്‍ന്ന് ഭാസ്കറിന് കരള്‍ മാറ്റിവെക്കേണ്ടതായി വന്നിരുന്നു. അന്ന് രേവതിയായിരുന്നു ഭര്‍ത്താവിന് കരള്‍ ദാനം ചെയ്തത്. ചികിത്സ തുടരുകയായിരുന്ന ഭാസ്കര്‍ ഇപ്പോഴും പൂര്‍ണമായും രോഗമുക്തി നേടിയിരുന്നില്ല. അതിനിടെയാണ് ആശ്രയമായ ഭാര്യയുടെ അപ്രതീക്ഷിതമായ വേര്‍പാടോടെ മുന്നോട്ടുള്ള ജീവിതം ഇനി എന്താവുമെന്ന ആശങ്കയിലാണ് നാല്പ്പതുവയസ്സുകാരന് ഭാസ്കര്‍.
ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ പുഷ്പ 2 കാണാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും അകപ്പെട്ട് രേവതിക്ക് ജീവന് നഷ്ടമായത്. മകന് ശ്രീതേജിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നുണ്ടായ ദാരുണമായ സംഭവത്തെ കുറിച്ചും ഭാസകര്‍ പറഞ്ഞു. രണ്ട് മക്കളേയും ഭാര്യയേയും കൂട്ടിയാണ് ഭാസ്കര്‍ പുഷ്പ 2 കാണാനായി പ്രശസ്തമായ സന്ധ്യ തീയേറ്ററിലെത്തിയത്. അന്ന് അല്ലു അര്‍ജുനും തീയേറ്ററിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതോടെയാണ് ആരാധകരുടെ തിരക്ക് വര്‍ധിച്ചത്. തിരക്കില്‍ മൂത്ത മകള്‍ സാന്‍വി കരഞ്ഞതോടെ അവളേയും കൂട്ടി ഭാസ്കര്‍ തിരക്കില്‍ നിന്ന് മാറിനിന്നു. രേവതിക്കും മകന് ശ്രീതേജിനും തിരക്കില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. തിക്കിലും തിരക്കിലും അകപ്പെട്ട് രേവതി നിലത്തുവീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശിയതും തിരക്ക് കൂടാന്‍ കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്.
മകന് ശ്രീതേജ് അല്ലു അര്‍ജുന്റെ കടുത്ത ആരാധകനാണ്. അവന് വേണ്ടിയാണ് തീയേറ്ററിലേക്ക് പോയത്. അല്ലു അർജ്ജുൻ എത്തിയതോടെ തിരക്ക് ക്രമാതീതമായതാണ് അപകടത്തിലേക്ക് നയിച്ചത്. കുഴഞ്ഞുവീണ ശ്രീതേജിന് പോലീസ് സിപിആര്‍ നല്‍കിയതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ അല്ലു അര്‍ജുന്റെ ടീം അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ശ്രീതേജിന്റെ ചികിത്സ പൂര്‍ണമായും വഹിക്കുമെന്ന് ടീം ഉറപ്പുനല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അല്ലു അര്‍ജുനെതിരേയും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനെതിരേയും സാന്ധ്യ തീയേറ്റര്‍ മാനേജ്മെന്റിനെതിരേയും പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: reaction of Husband of the woman who died in stampede during Pushpa 2 screening
Published: 06 Dec 2024, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented