സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രമുഖ ഛായാ​ഗ്രാഹകൻ രവി വർമ്മൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമെന്റുമായി ബോളിവുഡ് താരം രൺവീർ സിങ് എത്തിയതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. മൂവരും ഒന്നിച്ച് ഒരു ചിത്രം വരുന്നുണ്ടോയെന്നായി ചർച്ചകൾ.

To advertise here,

സൂപ്പർഹീറോ ചിത്രമായ ശക്തിമാന് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ശക്തിമാന്‍ ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചർച്ചകൾ തുടങ്ങിയതോടെ സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.  മിന്നൽ മുരളിയിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസിൽ. 

സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ശക്തിമാൻ വീണ്ടും വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോ​ഗികമായി പുറത്ത് വിട്ടിരുന്നില്ല. എന്നാൽ രൺവീർ സിങ് ടെെറ്റിൽ റോളിൽ എത്തുമെന്നും ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന്‍ വന്‍ വിജയമായിരുന്നു.

ശക്തിമാൻ വൻ ബജറ്റിലൊരുങ്ങുമെന്ന് മുകേഷ് ഖന്ന പറഞ്ഞിരുന്നു. 200 മുതൽ 300 കോടി വരെയായിരിക്കും ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചിലവ് വരുകയെന്ന് മുകേഷ് ഖന്ന സൂചിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാൻ എന്നും സോണി പിക്ചേർസ് ആയിരിക്കും നിർമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.