ലയാളികളുടെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ രചിച്ച രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യത്തിനായി മലയാള സിനിമാ പ്രേമികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവരികയാണ്. രണ്ടാമൂഴം സിനിമയായി വരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി ചിത്രം സംവിധാനം ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

To advertise here,

എം.ടി. വാസുദേവൻ നായരുടെ കൂടി താത്പര്യപ്രകാരം ഋഷഭ് ഷെട്ടിയുമായി അദ്ദേഹം പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നെന്നാണ് എംടിയുടെ കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ഒന്നരവർഷം മുൻപായിരുന്നു ഇത്. സിനിമയുടെ പ്രഖ്യാപനം ഈ വർഷം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമൂഴം സിനിമയാക്കാനായി മുൻപ് പല കമ്പനികളും ശ്രമിച്ചിരുന്നു. ഇടക്കാലത്ത് സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയതിനാൽ എംടി കരാറിൽനിന്ന് പിൻവാങ്ങുകയും തിരക്കഥ തിരിച്ചുവാങ്ങുകയും ചെയ്തു.

രണ്ടാമൂഴം സിനിമയാവുന്നതോടെ എംടിയുടെ ഏറ്റവും വലിയ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. കഥയിലെ നായകനായ ഭീമനെ ആര് അവതരിപ്പിക്കുമെന്ന ചർച്ചകൾ ഇനി ചൂടുപിടിക്കും. നിർമാതാക്കളേയും മറ്റ് അണിയറപ്രവർത്തകരേയും കുറിച്ചുള്ള സസ്പെൻസ് ഉടൻ തന്നെ ചുരുളഴിയുമെന്നാണ് വിവരം.

എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത ആന്തോളജി ചിത്രമായ മനോരഥങ്ങൾ ഈയിടെ ഒടിടി റിലീസായെത്തിയിരുന്നു. എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ് ചിത്രം നിർമിച്ചത്.