നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ: പാർട്ട് വൺ' റിലീസിന് മുൻപ് തങ്ങൾക്കായി പ്രത്യേക പ്രദർശനം ഒരുക്കണമെന്ന് ശ്രീ രാമലീല മഹാസംഘ്. ദീപാവലി റിലീസിന് മുൻപായി തങ്ങളുടെ പ്രതിനിധി സംഘത്തിന് സിനിമയുടെ പ്രത്യേക പ്രദർശനം നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീ രാമലീല മഹാസംഘ് പ്രസിഡന്റ് അർജുൻ കുമാർ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കത്തയച്ചു.

To advertise here,

സംവിധായകൻ നിതീഷ് തിവാരിക്കും നിർമാണ കമ്പനിക്കും അയച്ച കത്തിൽ, പ്രഭാസ് ചിത്രം 'ആദിപുരുഷു'മായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഓർമിപ്പിച്ചു. ആദിപുരുഷിലെ പല രംഗങ്ങളും സനാതന ധർമ്മ വിശ്വാസികളുടെയും പരമ്പരാഗത രാമലീല സംഘങ്ങളുടെയും കടുത്ത എതിർപ്പിന് കാരണമായിരുന്നു. സ്വർണ നിറത്തിന് പകരം കറുത്ത നിറത്തിലുള്ള ലങ്ക കാണിച്ചതും, രാവണനെയും സൈന്യത്തെയും വിശ്വാസങ്ങൾക്ക് വിരുദ്ധമായി ചിത്രീകരിച്ചതുമാണ് അന്ന് പ്രതിഷേധത്തിനിടയാക്കിയതെന്ന് കത്തിൽ പറയുന്നു. ഇത് സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തെ സാരമായി ബാധിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടി.

'രാമായണ: പാർട്ട് വൺ' എന്ന ചിത്രത്തിലും ഇന്ത്യയിലെയും വിദേശത്തെയും ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള രംഗങ്ങൾ ഉണ്ടായേക്കാമെന്ന് മഹാസംഘിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അർജുൻ കുമാർ അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് റിലീസിന് മുൻപ് പ്രിവ്യൂ സ്‌ക്രീനിങ് നടത്തണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത്. ആക്ഷേപകരമായ രംഗങ്ങളോ സംഭാഷണങ്ങളോ ഉണ്ടെങ്കിൽ അവ കണ്ടെത്തി നീക്കം ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ തിയേറ്ററുകളിൽ വിവിധ ഹിന്ദു സംഘടനകളുമായി ചേർന്ന് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മഹാസംഘ് മുന്നറിയിപ്പ് നൽകി.

രൺബീർ കപൂർ ശ്രീരാമന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ സായി പല്ലവി സീതയാകുന്നു. രാവണനായി യഷും ചിത്രത്തിലുണ്ട്. ഹാൻസ് സിമ്മറും എ.ആർ. റഹ്‌മാനുമാണ് സംഗീതം നൽകുന്നത്. ഈ വർഷം ദീപാവലിക്ക് ആദ്യഭാഗം തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം അടുത്ത വർഷം ദീപാവലിക്കാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്.