അന്തരിച്ച കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടന്‍ രജനീകാന്ത്. പുനീതിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനാവാത്തതില്‍ താരം വികാരാധീനനായി. ചടങ്ങില്‍ പങ്കെടുക്കാനാവാത്തതിന്റെ കാരണവും രജനീകാന്ത് വെളിപ്പെടുത്തി. 

To advertise here,

കര്‍ണാടക സര്‍ക്കാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്‌നം പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയുടെ സ്ഥാപകദിനമായ കന്നട രാജ്യോല്‍ത്സവത്തിന് പുനീതിനെ ആചരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രജനീകാന്ത്.  "പുനീത് ദൈവത്തിന്റെ മകനാണ്. അവന്‍ നമ്മളോടൊപ്പം കുറച്ചുകാലം ജീവിച്ചു, നമ്മെ ചിരിപ്പിച്ചു, രസിപ്പിച്ചു. പിന്നീട് അവന്‍ ദൈവത്തിന്റെ അടുത്തേക്കു മടങ്ങി പോയി. അവന്റെ ആത്മാവ് നമ്മുടെ കൂടെ തന്നെ ഇപ്പോഴുമുണ്ട്." താരം പറഞ്ഞു. 

പുനീതിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണെങ്കിലും സംസ്‌കാരത്തിന് പങ്കെടുക്കാനായില്ലെന്ന് രജനീകാന്ത് ചടങ്ങില്‍ പറഞ്ഞു.  പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞത് മൂന്നു ദിവസങ്ങള്‍ക്കു ശേഷമായിരുന്നുവെന്നും പുനീതിന്റെ മരണസമയത്ത് താന്‍  ശസ്ത്രക്രിയയെ  തുടര്‍ന്ന് ഐ.സി.യുവിലായിരുന്നുവെന്നും താരം പറഞ്ഞു. ഒരുപക്ഷേ മരണവാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പോലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലല്ലായിരുന്നു താനെന്നും രജനീകാന്ത് പറഞ്ഞു. പുനീതിന്റെ പുഞ്ചിരിക്കുന്ന മുഖം തന്റെ ഓര്‍മ്മയിലുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേത്തു. 

രജനീകാന്തിനൊപ്പം ജൂനിയര്‍ എന്‍ടിആറും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പുനീതിന് ആദരവ് അര്‍പ്പിച്ചു. പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29നാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് പുനീത് അന്തരിക്കുന്നത്. 2002ല്‍ അപ്പു എന്ന കന്നട ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ പുനീത് ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനചിത്രമായ ഗന്ധദ ഗുഡിയ്ക്കും പ്രേക്ഷകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്.