വിശാഖപട്ടണം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായകൻ രാഹുൽ സിപ്ലിഗഞ്ച്. കേസിലെ ഒന്നാം പ്രതിയായ കർപ്പുരപു രാഹുൽ റെഡ്ഡിയുമായുള്ള ബന്ധവും തനിക്കെതിരെ കേസെടുക്കാനുണ്ടായ സാഹചര്യവും രാഹുൽ വ്യക്തമാക്കി. 'ആർ.ആർ.ആർ' ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് രാഹുൽ സിപ്ലിഗഞ്ച്.

To advertise here,

കേസിലെ ഒന്നാം പ്രതിയായ രാഹുൽ റെഡ്ഡി തന്റെ ഭാര്യ ഹരിണ്യ റെഡ്ഡിയുടെ ബന്ധുവാണെന്ന് രാഹുൽ സിപ്ലിഗഞ്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. പരാതിക്കാരിയും രാഹുൽ റെഡ്ഡിയും തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നും ഗായകൻ അവകാശപ്പെട്ടു.

നിലവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയിട്ടുണ്ട്. ജൂലൈയിൽ ഇരുവരും ഒന്നിച്ചു ചെയ്ത വീഡിയോ ഭാര്യ തനിക്ക് അയച്ചുതന്നിരുന്നുവെന്നും ഗായകൻ പറഞ്ഞു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരിയുമായി സംസാരിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട അഭിഭാഷകനാണ് വിവരങ്ങൾ ചോർത്തിയതെന്ന് പരാതിക്കാരി തന്നോട് പറഞ്ഞതായും രാഹുൽ കൂട്ടിച്ചേർത്തു. പോലീസുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഗായകൻ വ്യക്തമാക്കി.

'നേരത്തെ യുവതി സമീപിച്ച അഭിഭാഷകൻ ഒത്തുതീർപ്പിന് ശ്രമിച്ചു. ഇത് യുവതിയെ പ്രകോപിപ്പിക്കുകയും എനിക്കെതിരെ ഉൾപ്പെടെ പരാതി നൽകാൻ ഇടയാക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയപ്പോൾ, അഭിഭാഷകനാണ് വാർത്ത ചോർത്തിയതെന്നാണ് യുവതി പറയുന്നത്', രാഹുൽ അവകാശപ്പെട്ടു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള എം.വി.പി കോളനി പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. പിന്നീട് പരാതി വനിതാ പോലീസിന് കൈമാറി.

കഴിഞ്ഞ വർഷം 'ബംബിൾ' ഡേറ്റിംഗ് ആപ്പിലൂടെയാണ് പരാതിക്കാരി രാഹുൽ റെഡ്ഡിയെ പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി രാഹുൽ റെഡ്ഡി തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പിന്നാലെ ബന്ധം അവസാനിപ്പിക്കണമെന്ന രാഹുൽ റെഡ്ഡിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഗായകൻ രാഹുൽ സിപ്ലിഗഞ്ച് ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

രാഹുൽ സിപ്ലിഗഞ്ച്, ഭാര്യ ഹരിണ്യ റെഡ്ഡി, രാഹുൽ റെഡ്ഡി എന്നിവരടക്കം 16 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.