തിയേറ്ററുകളിൽ തരംഗമായി മാറിയ ബോളിവുഡ് ചിത്രമാണ് കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ധുരന്ധർ. രൺവീർ സിങ് നായകനായ സ്‌പൈ ത്രില്ലർ ചിത്രത്തിൽ നടൻ ആർ. മാധവനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം മാർച്ചിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ധുരന്ധറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള മാധവന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

To advertise here,

ദുബായിലെ ആരാധകർ ധുരന്ധർ 2 കാണാനായി ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണെന്നാണ് മാധവൻ പറയുന്നത്. മികച്ച സിനിമയുടെ ശക്തിയാണ് ഇത് കാണിക്കുന്നതെന്നും മാധവൻ പറഞ്ഞു. സോണിയാ ഷെനോയ്‌യുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബിസിനസ് മീറ്റിങ്ങുകൾ മാർച്ച് 19-ന് അടുപ്പിച്ച് നടത്താൻ പദ്ധതിയിടുകയാണ് അവർ. അങ്ങനെയാണെങ്കിൽ അവർക്ക് മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്യാം ധുരന്ധർ 2 കാണുകയും ചെയ്യാം. കാരണം ചിത്രം ദുബായിൽ റിലീസ് ചെയ്യുന്നില്ല. അവർക്ക് വേണമെങ്കിൽ ചിത്രം ഐപിടിവിയിൽ കാണാം. എനിക്ക് ഉറപ്പാണത്. എന്നാൽ ധുരന്ധർ പോലൊരു ചിത്രം തിയേറ്ററിൽ നിറഞ്ഞ സദസ്സിലിരുന്ന് കാണാൻ അവർ ആഗ്രഹിക്കുന്നു.' -മാധവൻ പറഞ്ഞു.

പാകിസ്താനിലെത്തിയ ഹംസ എന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് ധുരന്ധറിലെത്തിയത്. ഇന്ത്യയുടെ ഇന്റലിജൻസ് മേധാവിയുടെ വേഷമാണ് മാധവന്. ഹംസയുടെ ഫ്‌ളാഷ് ബാക്കും പാകിസ്താനെതിരായ ഇന്ത്യയുടെ തിരിച്ചടിയുമാണ് ധുരന്ധർ 2-ൽ ഉണ്ടാകുക. സാറാ അർജുൻ, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ടാകും.