നവാഗതരായ ബബിത - റിൻ ദമ്പതികൾ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന "പ്യാലി" യുടെ ട്രെയ്ലർ പുറത്തിറങ്ങി.
എൻ എഫ് വർ​ഗീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ അനശ്വര നടൻ എൻ.എഫ് വർഗീസിന്റെ മകൾ സോഫിയ വർ​ഗീസ് നിർമ്മിക്കുന്ന സിനിമയാണ് 'പ്യാലി'.

അഞ്ചു വയസ്സുകാരി ബാർബി ശർമ്മ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്യാലിയുടെ സഹോദരൻ 14 വയസ്സുകാരനായി ജോർജ് ജേക്കബ് എന്ന നവഗതപ്രതിഭയും വേഷമിടുന്നു. ഒരു ചെറിയ കുട്ടി കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമയാണെങ്കിലും പ്രായഭേദമന്യേ ഭാഷയുടെ അതിർവരമ്പുകളില്ലാതെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നു സംവിധായക ദമ്പതികൾ പറയുന്നു. സാഹോദര്യ സ്നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം 'വിസാരണെ', 'ആടുകളം' എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ആടുകളം മുരുഗദോസും 'പ്യാലി'യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

'പ്യാലി'യുടെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത് 'ടേക്ക് ഓഫ്' എന്ന സിനിമയിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സന്തോഷ് രാമനാണ്. പ്രശാന്ത് പിള്ളയും രംഗനാഥ് രവിയുമാണ് പ്യാലിയുടെ സംഗീതവും സൗണ്ട് ഡിസൈനും ഒരുക്കുന്നത്.
എഡിറ്റിംഗ്- ദീപുജോസഫ്. തമിഴിലെ പ്രശസ്ത ഛായാഗ്രാഹകൻ വെട്രിയുടെ ശിക്ഷ്യൻ ജിജു സണ്ണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല. മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റും- സിജി തോമസ്, പ്രൊജക്റ്റ് ഡിസൈനെർ- ഗീവർ തമ്പി.

content highlights : pyali movie trailer NF Vargheese pictures