തിയേറ്ററിൽ റിലീസ് ചെയ്ത അന്നുമുതൽ വാർത്തകളിൽനിന്ന് ഇറങ്ങാൻ സാധിച്ചിട്ടില്ല അല്ലു അർജുൻ-സുകുമാർ ടീമിന്റെ പുഷ്പ 2-ന്. തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചതും അല്ലു അർജുന്റെ അറസ്റ്റും അദ്ദേഹം നേരിട്ട വിമർശനങ്ങളുമെല്ലാം തുടർച്ചയായി വാർത്തകളിലും സോഷ്യൽ മീഡിയ ചർച്ചകളിലും നിറഞ്ഞുനിന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം ഒ.ടി.ടി റിലീസായത്. അപ്പോഴും പുഷ്പ 2-ന് ചർച്ചകളിൽനിന്നൊരു മോചനം ആയിട്ടില്ല. ഇത്തവണ പക്ഷേ രൂക്ഷമായ പരിഹാസമാണ് ചിത്രം നേരിടുന്നതെന്നുമാത്രം.
പുഷ്പ 2-ന്റെ ക്ലൈമാക്സ് സംഘട്ടനരംഗമാണ് പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണം. ഗുണ്ടകളിൽ നിന്നും തന്റെ സഹോദരന്റെ മകളെ രക്ഷിക്കുകയാണ് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രം. വില്ലന്മാരെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് പുഷ്പ. തിയേറ്ററുകളിൽ വലിയ കയ്യടി കിട്ടിയ സംഘട്ടനരംഗം ഒ.ടി.ടിയിൽ രൂക്ഷമായ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്. നായകനെ മാസ് പരിവേഷത്തിൽ അവതരിപ്പിച്ച ക്ലൈമാക്സിലെ ചില രംഗങ്ങൾ കുറച്ച് അതിമാനുഷികമായിപ്പോയെന്നാണ് റെഡ്ഡിറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ നടക്കുന്ന ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായം.
പാന്റിനും കോട്ടിനും മുകളിൽ സാരിയുടുത്ത്, ഇരുകൈകളും പിന്നിൽ കയറുകൊണ്ട് കെട്ടിയ നിലയിലാണ് പുഷ്പരാജ് എതിരാളികളെ നേരിടുന്നത്. കത്തി കടിച്ചുപിടിച്ചിരിക്കുന്നു. കൈകൊണ്ട് ഇടിച്ചിടാൻ പറ്റാത്തവരെ കടിച്ചുനേരിടുകയും ചെയ്യുന്നു. ഇതിനിടയിൽ കയ്യിലെ കെട്ട് മുറിച്ചുമാറ്റുന്നതോടെ പുഷ്പ മറ്റൊരാളായി മാറുന്നു. വില്ലന്മാരും നായകനും ഒരേപോലെ പറന്ന് നടക്കുന്നെന്ന പോലെയാണ് പിന്നീടുള്ള ഏറ്റുമുട്ടൽ. ഇത് മാസ് ഹീറോയിക് രംഗമാണോ അതോ കോമഡി രംഗമാണോ എന്ന തലക്കെട്ടിലാണ് ചർച്ചകൾ നടക്കുന്നത്.
ചിരിയടക്കാൻ പറ്റുന്നില്ലെന്നാണ് ഒരാൾ കമന്റ് ചെയ്തത്. നമുക്ക് സൂപ്പർ ഹീറോകളില്ല, കാരണം നമ്മുടെ മാസ് ഹീറോകൾ അവർ ചെയ്യുന്നതുപോലുള്ള ജോലി ചെയ്യുന്നുണ്ട്. അതും യാതൊരുതരത്തിലുള്ള സൂപ്പർ പവറുകളോ അതിന് സഹായിക്കുന്ന ഉപകരണങ്ങളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ സിറ്റുവേഷനുകളിൽ. ഗുരുത്വാകർഷണത്തെയും ഭൗതികശാസ്ത്ര നിയമങ്ങളേയും ബഹുമാനിക്കുന്ന സംഘട്ടന സംവിധായകരെയാണ് നമുക്കാവശ്യം. ഇങ്ങനെയാണ് നിങ്ങളപ്പോൾ 1800 കോടി കളക്ഷനുണ്ടാക്കിയത് എന്നെല്ലാം നീളുന്നു പരിഹാസ കമന്റുകൾ.
വൻ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂൾ (പുഷ്പ 2). ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകവേഷത്തിലെത്തിയത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. ചിത്രത്തിന് റാംപേജ് എന്ന പേരിൽ മൂന്നാം ഭാഗവും വരുന്നുണ്ട്.
Content Highlights: Pushpa 2`s OTT release sparks hilarious memes about its unrealistic climax fight
Published: 31 Jan 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented