കന്നട സൂപ്പര്‍താരം പൂനീത് രാജ്കുമാര്‍ വിടപറഞ്ഞ് രണ്ടാണ്ട് തികയുന്നു. വളരെ അപ്രതീക്ഷിതമായാണ് സിനിമാലോകത്തെയും ആരാധകരെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടുള്ള പുനീതിന്റെ മരണം. 2021 ഒക്ടോബര്‍ 29 ന് ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പുനീത് കുടുംബ ഡോക്ടറുടെ ക്ലിനിക്കിലെത്തി ചികിത്സ തേടിയെങ്കിലും ഇ.സി.ജിയില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന്  അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അവിടെ എത്തുമ്പോഴേക്കും പ്രശ്നങ്ങള്‍ ഗുരുതരമാവുകയും ഒടുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

To advertise here,

പുനീത് വിടപറഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴു തങ്ങള്‍ക്ക് മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ശിവരാജ്കുമാര്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''എല്ലാവരും പറയുന്നു അപ്പു ജീവിച്ചിരിപ്പില്ലെന്ന്. അതിനര്‍ഥം അവന്‍ ഞങ്ങളെ പൂര്‍ണമായി വിട്ടുപോയി എന്നല്ല.എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാന്‍ സാധിക്കില്ല. പുനീതിന്റെ നല്ല ഓര്‍മകള്‍ എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. അവനെ മിസ് ചെയ്യുന്നുവെന്ന് പറയാനല്ല, അവനെ ആഘോഷിക്കാനാണ് എനിക്ക് താല്‍പര്യം.

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവനായിരുന്നു പുനീത്. അവന്റെ മരണവുമായി പൊരുത്തപ്പെടാന്‍ കുടുംബത്തിന് ഏറെ സമയമെടുക്കേണ്ടി വന്നു. എന്നെക്കോള്‍ പതിമൂന്ന് വയസ്സിന് താഴെയാണ് അവന്‍. ചിലസമയങ്ങളില്‍ അവന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കും. സമാധിദിനത്തില്‍ പുനീതിന് വേണ്ടി പ്രത്യേക പൂജയൊന്നും കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരിക്കലും അവനെ മറക്കാന്‍ ഞാന്‍  ഇഷ്ടപ്പെടുന്നില്ല. അവന്‍ എവിടേയ്‌ക്കോ ദീര്‍ഘമായ വിനോദയാത്രയ്ക്ക് പോയിരിക്കുകയാണ് ഒരിക്കല്‍ മടങ്ങിവരുമെന്ന് കരുതാനാണ് ഇഷ്ടം- ശിവരാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി നായകവേഷത്തിലെത്തിയത്. 

അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായ ചിത്രങ്ങളിലൂടെ സൂപ്പര്‍താരപദവിയിലെത്തി. കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായിരുന്നു പുനീത്.

അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. 2012 ല്‍ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണര്‍' എന്ന ഗെയിം ഷോയുടെ കന്നഡ വേര്‍ഷനായ 'കന്നഡദ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷന്‍ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളില്‍ അവതാരകനായി തിളങ്ങി. 

അശ്വനി രേവനാഥാണ് പുനീതിന്റെ ഭാര്യ. വന്ദിത രാജ്കുമാര്‍, ധൃതി രാജ്കുമാര്‍ എന്നിവര്‍ മക്കളാണ്.