
യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പരാതിയുമായി നിർമാതാവ് സിയാദ് കോക്കർ. 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യൂ ബോംബിങ് നടത്തിയെന്ന് ആരോപിച്ചാണ് നിർമാതാവ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും സിയാദ് കോക്കർ ഉയർത്തുന്നുണ്ട്.
റിവ്യൂവിനെതിരെ സിയാദ് കോക്കർ രംഗത്തുവന്നതിന് പിന്നാലെ അശ്വന്ത് കോക്കിൻ്റെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന നിലപാടിലാണ് സിയാദ് കോക്കർ. റിവ്യു ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിയാദ് കോക്കറുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന ചിത്രത്തിന്റെ റിവ്യൂവിൽ അശ്വന്ത് കോക്ക് സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. അശ്വന്ത് കോക്കിനെപ്പോലുള്ളവരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിയാദ് കോക്കർ ആവശ്യപ്പെടുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അശ്വന്ത് കോക്കിനെതിരെ രൂക്ഷമായ ഭാഷയിലാണ് സിയാദ് കോക്കർ പ്രതികരിച്ചത്. ഈ തൊഴിൽ ഉപേക്ഷിച്ച് വേറെ പണിക്കു പോകാനും കാശുണ്ടാക്കാൻ വേറെ പല മാർഗങ്ങളുമുണ്ടെന്നും സിയാദ് കോക്കർ അശ്വന്ത് കോക്കിനോടായി പറഞ്ഞു.
'അശ്വന്ത് കോക്ക് വീഡിയോ പിൻവലിച്ചതുകൊണ്ട് കാര്യമില്ല. കാണേണ്ടവരൊക്കെ അത് കണ്ടുകഴിഞ്ഞു. പൊതുസമൂഹത്തിൽ വൃത്തികേട് വിളിച്ചു പറയുന്നവർക്ക് വ്യൂവർഷിപ്പ് കൂടുതലായിരിക്കും. അശ്വന്ത് കോക്കിനെപ്പറ്റി നേരത്തെ അറിയാം. സിനിമ റിലീസായതിന് തൊട്ടടുത്ത ദിവസം സംവിധായകനെയും സ്ത്രീകളെയും എന്റെ മകളുടെ പേര് തന്നെ പോയിന്റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു മില്യൺ കാഴ്ചക്കാരെ ലഭിച്ച വിദ്യാസാഗറിന്റെ പാട്ടുകൾ പോലും പുച്ഛിച്ചു തള്ളിയാണ് റിവ്യു പറയുന്നത്. സിനിമ നശിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ഉദ്ദേശം. ഒരുകാര്യവുമില്ലാതെ ആളുകളുടെ പ്രശ്നത്തിൽ ഇടപെട്ട് സംസാരിക്കുന്ന ആളല്ല ഞാൻ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്തുവേണമെങ്കിലും പറയാം. പക്ഷേ ഇത്രയും നീചമായ രീതിയിൽ മിമിക്രി ചെയ്യുന്നത് പോലെ റിവ്യൂ ഇടുന്നതിന് ഞാനെതിരെയാണ്. അതിനെതിരെ നടപടിയെടുക്കാൻ എനിക്കും അവകാശമുണ്ട്. മുഴുവൻ മലയാളം ഇൻഡസട്രിക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ബലത്തിന് ബലം തന്നെ കാണിക്കും. കേസ് നടത്തിയതുകൊണ്ട് ഉടനടി പരിഹാരം ഉണ്ടാകില്ല. അതിന് അതിന്റേതായ മാർഗം തേടേണ്ടിവരും. അങ്ങനെയൊരു മാർഗം തേടുമ്പോൾ എന്നെ ജയിലിൽ അടയ്ക്കാം. ക്രിമിനൽ പശ്ചാത്തലത്തിലാകാം ചെയ്യുന്നത്. അതിന് ജാമ്യം കിട്ടുമല്ലോ. എന്നെക്കൊണ്ട് ചെയ്യിപ്പിക്കരുതേ എന്നാണ് എനിക്ക് പറയാനുള്ളത്. ഒരുദിവസം പോലും ഓടാത്ത സിനിമകളെ അശ്വന്ത് കോക്ക് പ്രശംസിച്ച് പറഞ്ഞ അനുഭവം എനിക്കുണ്ട്. എന്തുകൊണ്ടാണത്. ആർക്കുവേണ്ടിയാണ് താങ്കൾ പ്രവർത്തിക്കുന്നത്. എന്താണ് നിങ്ങളുടെ ഉദ്ദേശം. സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാട് വ്യക്തമാക്കണം. അശ്വന്ത് കോക്ക് ഒരു പോസ്റ്റിട്ടാൽ ഒന്നും സംഭവിക്കില്ല. നല്ല സിനിമയാണെങ്കിൽ ഓടും', സിയാദ് കോക്കർ പറഞ്ഞു.
ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മാരിവില്ലിന്‍ ഗോപുരങ്ങള്‍. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രം മെയ് 10-നാണ് തിയേറ്ററുകളിലെത്തിയത്.
Content Highlights: producer siyad koker filed complaint against Ashwanth kok
Published: 14 May 2024, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented