ലയാള സിനിമ പുതിയ കാലഘട്ടത്തില്‍ ഒരുപാട് മികച്ചതായി തോന്നുന്നുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍. സമീപകാലത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ അതിശയിപ്പിച്ചുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

''ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ സിനിമ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തത് എന്ന്. മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായി. എന്നെപ്പോലുള്ള ആളുകള്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ട്. ''

ബോളിവുഡില്‍ തെക്ക്-വടക്ക് വിവേചമുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

''ബോളിവുഡില്‍ തെക്ക്, വടക്ക് വിവേചനമുണ്ട്. വിവാദമാകാന്‍ പറയുകയല്ല. ദാസേട്ടനെപ്പോലുള്ളവര്‍ക്ക് (യേശുദാസ്) എന്തുകൊണ്ട് അവിടെ കൂടുതല്‍ അവസരം കിട്ടിയില്ല എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഹിന്ദിയില്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. സിനിമയ്ക്ക് ഭാഷയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതിന് കാരണം തെന്നിന്ത്യയുടെ അതേ പശ്ചാത്തലത്തില്‍ തന്നെ കഥ പറച്ചു നടുമ്പോഴാണ്. അതിനെ മാറ്റിയെടുക്കുക എന്നതായിരുന്നു തുടക്കത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതില്‍ വിജയിച്ചത് കൊണ്ടായിരിക്കും എനിക്ക് അവിടെ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്. 

പത്മരാജേട്ടന്‍ (സംവിധായകന്‍ പത്മരാജന്‍) ഒരിക്കല്‍ എന്നോട് ചോദിച്ചു. 'നിന്റെ സിനിമകള്‍ എങ്ങിനെയാണ് വിറ്റു പോകുന്നത്. എന്റെ സിനിമകള്‍ വിറ്റുപോകുന്നില്ല'. അപ്പോള്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു. എന്റെ സിനിമകളില്‍ ലോകത്ത് എവിടെയും നടക്കാത്ത കാര്യങ്ങളാണ് കാണിക്കുന്നത്. പപ്പേട്ടന്റെ സിനിമകള്‍ അങ്ങനെയല്ല, മണ്ണിന്റെ മണമുള്ള സിനിമകളാണ്. 

ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ തനിക്ക് ഇനി ധൈര്യമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് തന്നെ അങ്ങനെ ചിന്തിപ്പിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 

പലപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ എഴുതി രൂപപ്പെടുത്തിയിരുന്നത് അവരെയെല്ലാം മനസ്സില്‍ കണ്ടായിരുന്നു. പപ്പുവേട്ടന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്. അങ്ങനെയുള്ള നടന്‍മാര്‍ ഈ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കാത്തതുകൊണ്ടായിരിക്കും'- പ്രിയദര്‍ശന്‍ പറഞ്ഞു. 

Content Highlights: Priyadarshan Talks about, Cinema, Life, Malayalam film New Generation Trend, Bollywood