സംവിധായകൻ പ്രിയദർശൻ ബോളിവുഡിൽ ഒരുക്കുന്ന "ഹംഗാമ 2" ഈ മാസം 23 ന് ഒ ടി ടി യിൽ റിലീസാകുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകൻ റോണി റാഫേൽ തനിക്ക് കിട്ടിയ ആ സൗഭാഗ്യത്തിൻറെ വിശേഷം ആദ്യമായി തുറന്നുപറയുന്നു.

അനുഗ്രഹീത സംഗീത പ്രതിഭ ഒ വി റാഫേലിൻറെ മകൻ റോണി റാഫേൽ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് ഏതൊരാൾക്കും സ്വപ്നം കാണാൻ കഴിയുന്ന വലിയൊരു നേട്ടത്തിൻറെ ആഹ്ളാദത്തിലാണ് റോണി റാഫേൽ. അപ്രതീക്ഷിതമായി തൻറെ ജീവിതത്തിൽ വന്ന ഈ വലിയ നേട്ടത്തിന് പിന്നിൽ സംവിധായകൻ പ്രിയദർശനാണെന്ന് റോണി റാഫേൽ പറയുന്നു.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിൻറെ സിംഹം അഞ്ചുഭാഷകളിൽ റിലീസിന് ഒരുങ്ങിയപ്പോൾ ചിത്രത്തിലെ അഞ്ച് ഗാനങ്ങൾക്കും സംഗീതം നിർവ്വഹിച്ചത് റോണി റാഫേലാണ്.ഇപ്പോഴിതാ പ്രിയദർശനൊരുക്കുന്ന മറ്റൊരു വിസ്മയക്കാഴ്ചയായ ബോളിവുഡ് ചിത്രം ഹംഗാമ 2 ന് പശ്ചാത്തല സംഗീതമൊരുക്കി റോണി റാഫേൽ ശ്രദ്ധേയനാകുന്നു.

'പ്രിയൻ സാറിൻറെ ഹിന്ദി ചിത്രം സീ 5 ൽ റിലീസ് ചെയ്ത 40 മിനിട്ടുള്ള 'അനാമിക'യ്ക്ക് വേണ്ടി സംഗീതം നിർവ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ പ്രിയൻസാർ എനിക്ക് അവസരം നൽകിയത്. പ്രിയൻസാറിലേക്ക് ഞാൻ അടുക്കുന്നത് എം ജി ശ്രീകുമാർചേട്ടൻ വഴിയാണ്. അതുപോലെ തന്നെ എം ജി രാധാകൃഷ്ണൻ ചേട്ടൻറെ മകൻ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.' റോണി റാഫേൽ പറഞ്ഞുതുടങ്ങി. മരയ്ക്കാറിലെ പാട്ടുകൾക്ക് ഈണം നൽകണമെന്ന് പ്രിയൻസാർ പറഞ്ഞത് കേട്ടപ്പോൾ അന്ന് അതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ പ്രിയൻസാർ നല്ല സപ്പോർട്ട് നൽകി. ഗാനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട് പ്രിയൻസാറിന് . എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. മറ്റു സംവിധായകരിൽ കാണാത്ത ഒട്ടേറെ സവിശേഷതകൾ ഇക്കാര്യങ്ങളിൽ പ്രിയൻസാറിനുണ്ട്. ടെൻഷനില്ലാതെ നമുക്ക് വർക്ക് ചെയ്യാം. എന്തുവേണം എന്തുവേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട. സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ നല്ല പോസിറ്റീവ് എനർജിയാണ്. അങ്ങനെയാണ് ഞാൻ മരയ്ക്കാറിലെ പാട്ടുകൾ ചെയ്തത്. അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകൾക്കും ഞാൻ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയൻസാറിനൊപ്പം ഞാൻ അഞ്ച് ചിത്രങ്ങളിൽ തുടർച്ചയായി വർക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്.

ഇപ്പോൾ പ്രിയൻസാർ ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ഹംഗാമ 2' ൻറെ പശ്ചാത്തലസംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി. 'ഹംഗാമ 2 ൽ വെസ്റ്റേൺ സ്റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയൻസാറിൻറെ നിർദ്ദേശപ്രകാരമായിരുന്നു. അതുകൊണ്ടുതന്നെ ആ വർക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്. ശരിക്കും ദൈവവിളിപോലെയാണ് പ്രിയൻസാർ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തിൽ വലിയൊരു ടേണിങ് പോയിൻറ് എനിക്ക് ലഭിച്ചതിൽ ഞാൻ ദൈവത്തിനോടും പ്രിയൻസാറിനോടും നന്ദി പറയുന്നു. ഞാൻ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങൾ തന്നപ്പോൾ അത് കാണാൻ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദു:ഖം മാത്രം മനസ്സിലുണ്ട്. റോണി റാഫേൽ പറഞ്ഞു. ഒട്ടേറെ പുതിയ പ്രോജക്റ്റുകൾ എന്നെത്തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിൻറെ വഴികൾ, അനുഗ്രഹത്തിൻറെ വഴികൾ റോണി റാഫേൽ പറഞ്ഞു.

1994 ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം മിന്നാരത്തിൻറെ റീമേക്കാണ് ഹംഗാമ 2. മോഹൻലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ൻറെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാർ ചിത്രത്തിൻറെ അവകാശം സ്വന്തമാക്കിയത്.

പി ആർ സുമേരൻ

content highlights : priyadarshan movie hungama 2 marakkar music director rony raphel