തന്റെ സിനിമാ ജീവിതത്തിലെ നൂറാം ചിത്രം മോഹൻലാലിനെ നായകനാക്കി ആയിരിക്കുമെന്ന് സംവിധായകൻ പ്രിയദർശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ അന്നൊന്നും അദ്ദേഹം നൽകിയിരുന്നില്ല. എന്നാൽ, തന്റെ നൂറാം ചിത്രത്തെക്കുറിച്ച് മനസിലുള്ള സങ്കല്പങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകനിപ്പോൾ. ചിത്രം ഏത് ജോണറിൽ ഉള്ളതയാരിക്കുമെന്നുൾപ്പെടെ അദ്ദേഹം മനസുതുറന്നു.

To advertise here,

തന്റെ പ്രഥമ സംവിധാന സംരംഭത്തിലെ നായകൻ മോഹൻലാൽ ആയിരുന്നു. 1000-ാമത്തെ ചിത്രത്തിലും അതേ നായകനെന്ന നാഴികക്കല്ല് പിന്നിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. അത് സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും. എല്ലാം ഒത്തുവന്നാൽ ചിത്രം സംഭവിക്കുമെന്നും വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പ്രത്യാശപ്രകടിപ്പിച്ചു.

മോഹൻലാലുമൊത്തുള്ള തന്റെ നൂറാമത്തെ ചിത്രം കോമഡി ഗണത്തിൽപ്പെടുന്നതായിരിക്കില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് തന്റെ മനസിലുള്ളതെന്നും പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ തിരക്കഥയെഴുതിയ ആദ്യചിത്രത്തിലും സംവിധാന അരങ്ങേറ്റത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. 1983-ൽ പുറത്തിറങ്ങിയ 'കുയിലിനെ തേടി'യാണ് പ്രിയദർശൻ തിരക്കഥയെഴുതിയ ആദ്യചിത്രം. 'പൂച്ചയ്‌ക്കൊരു മൂക്കുത്തി'യിലൂടെ സംവിധായകനായി. 40-ഓളം ചിത്രങ്ങളിൽ നായകനായും അല്ലാതെയും മോഹൻലാൽ പ്രിയദർശനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചത്. മോഹൻലാൽ നായകനായ തന്റെ മലയാളചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്ക് പണിപ്പുരയിലാണ് പ്രിയദർശൻ ഇപ്പോൾ. 'ഹയ്‌വാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. സെയ്ഫ് അലിഖാനും അക്ഷയ് കുമാറുമാണ് പ്രധാനവേഷത്തിൽ.