പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' 2024 ഏപ്രിൽ 10 മുതൽ തിയേറ്ററുകളിലേക്കെത്തും. ബെന്യാമിന്റെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നോവല്‍ 'ആടുജീവിത'ത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ഭാഗമാകാൻ ആരാധകർക്ക് അവസരം നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ. ആരാധകർ ചെയ്യേണ്ടത് ഇത്രമാത്രം, ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്റർ ഒരുക്കി ഫാൻ ആർട് ഇവന്റിൽ പങ്കെടുക്കുക. 

To advertise here,

സിനിമയുടെ അനൗൺസ്മെന്റ് വന്നതു മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ഇതിനകം ഒത്തിരി ഫാൻമേഡ് പോസ്റ്ററുകൾ വന്നിട്ടുണ്ടെങ്കിലും ഫാൻ ആർട് ഇവന്റിലൂടെ ആരാധകർക്കായ് ഒരു പ്രത്യേക അവസരം നൽകിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. നേരത്തെ പോസ്റ്ററുകൾ നിർമ്മിച്ചവർക്കും ഈ ഇവന്റിൽ പങ്കെടുക്കാം. ആരാധകർ ഉണ്ടാക്കിയ ആകർഷകമായ പോസ്റ്ററുകൾ thegoatlifeposter@gmail.com എന്ന മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന 'ആടുജീവിതം' ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), അമല പോൾ, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീകർ പ്രസാദ് കൈകാര്യം ചെയ്യും. 

ഓസ്കാർ അവാർഡ്‌ ജേതാക്കളായ എ.ആർ റഹ്മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദരൂപകൽപ്പനയുമാണ് ചിത്രത്തിന്റെ മറ്റ് പ്രത്യേകതകൾ. അണിയറ പ്രവർത്തകരുടെ അഞ്ച് വർഷത്തോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ചിത്രം. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.