തിരുവല്ലം (തിരുവനന്തപുരം): പത്തുകോടിയോളം രൂപയുടെ കടബാധ്യതയെ തുടർന്ന് ഗുരുതര പ്രതിസന്ധിയിലായ തിരുവല്ലം ചിത്രാഞ്ജലിയുടെ സ്റ്റുഡിയോയുടെ നലഭാവിക്ക് കരുതലോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് പ്രേംകുമാർ പറഞ്ഞു. കെ.എസ്.എഫ്.ഡി.സി.യുടെ പുതിയ ചെയർമാനായി ചുമതലയേറ്റശേഷം വ്യാഴാഴ്ച ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയതായിരുന്നു പ്രേംകുമാർ. സാമ്പത്തികനഷ്ടം നികത്തി സ്ഥാപനത്തിനെ ലോകനിലവാരത്തിലാക്കും. ഇതിനായി ധവളപത്രം പുറത്തിറക്കും. കൊച്ചിയിൽ വരുന്ന ഫിലിംസിറ്റിയുടെ അതേ നിലവാരത്തിലാവും ചിത്രാഞ്ജലിയിലും സൗകര്യങ്ങളുണ്ടാകുക. സിനിമ നിർമിക്കാനുള്ള നല്ല ആശയവുമായി സമീപിക്കുന്നവർക്ക് ഇവിടെനിന്ന് എല്ലാ ആധുനിക സാങ്കേതിക സഹായവും നൽകും.

To advertise here,

ചിത്രീകരണമടക്കമുള്ള എല്ലാകാര്യങ്ങളും പൂർത്തിയാക്കി ഏറ്റവും നല്ല സിനിമയുമായിട്ടാകും അവർ മടങ്ങുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാപനത്തെ വികസനത്തിലേക്ക് എത്തിക്കുന്നതിന് നാട്ടുകാർ, ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആശയങ്ങളും അഭിപ്രായവും കേൾക്കും. ചിറയിൻകീഴിൽ നടൻ പ്രേംനസീറിന്റെ പേരിൽ നിർമിക്കുന്ന സാംസ്‌കാരിക സ്മാരകത്തിന് തടസ്സങ്ങൾ മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും–പ്രേംകുമാർ പറഞ്ഞു.