തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുത്ത ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമുണ്ടെന്ന് നേരത്തെ ചെയര്‍മാനായിരുന്ന നടൻ പ്രേംകുമാര്‍. പുതിയ ഭരണസമിതിയെ നിയമിച്ചത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ചുമതല കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കുമായിരുന്നുവെന്നും പ്രേംകുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

'മാറ്റം സര്‍ക്കാര്‍ തീരുമാനമാണ്. എന്നെ നിയോഗിച്ചത് സര്‍ക്കാരാണ്. അതില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. അന്താരാഷ്ട്രാ പ്രശസ്തനായ ചലച്ചിത്രകാരനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനെ സ്വാഗതംചെയ്യേണ്ടതാണ്. ഞാന്‍ ഏറ്റവും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് റസൂല്‍ പൂക്കുട്ടി', പ്രേംകുമാര്‍ പറഞ്ഞു.

'എനിക്ക് ചെറിയ വിഷമമുണ്ടായത്, അദ്ദേഹത്തെ നിയോഗിച്ചതും സ്ഥാനമേറ്റെടുക്കുന്നതും സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ല. അദ്ദേഹം സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കണമെന്ന് എനിക്ക് വ്യക്തിപരമായ ആഗ്രമുണ്ടായിരുന്നു. ഔദ്യോഗികമായ അറിയിപ്പോ ക്ഷണമോ ഉണ്ടായില്ല. മാറ്റിനിര്‍ത്തി എന്ന് പറയുന്നില്ല, ഓദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ല. പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമമുണ്ട്', അദ്ദേഹം നീരസം വ്യക്തമാക്കി.

'പരാതിയോ പരിഭവമോ ഇല്ല. എന്നെ മനഃപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്നോ ആരോപണമില്ല. ക്ഷണം ലഭിക്കാത്തതില്‍ വിഷമമുണ്ട്', പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

'റസൂല്‍ പൂക്കുട്ടിയുടെ വരവ് ഗുണംചെയ്യും. പുതിയ ആളെ നിയമിക്കുന്നതും എന്നെ ക്ഷണിക്കുന്നതും സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. എന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ സുതാര്യമായി, സത്യന്ധമായി, ആത്മാര്‍ഥമായി, അര്‍പ്പണബോധത്തോടുകൂടി, ജനകീയമായി, അഭിമാനത്തോടെ ചെയ്യാന്‍ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വാസമുണ്ട്. അങ്ങനെ ഒരു അവസരം നല്‍കിയതില്‍ എനിക്ക് സര്‍ക്കാരിനോട് നന്ദിയുണ്ട്'-അദ്ദേഹം പറഞ്ഞു.

'മാറ്റിയതില്‍ രാഷ്ട്രീയകാരണമുണ്ടോയെന്ന് എനിക്കറിയില്ല. സംശയങ്ങള്‍ക്ക് പ്രസക്തിയില്ല. അറിയിപ്പ് നല്‍കാമായിരുന്നു. അറിയിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു. പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ നഷ്ടബോധമുണ്ട്', അദ്ദേഹം ആവര്‍ത്തിച്ചു.

'ആശാ സമരത്തെ പിന്തുണച്ച് സംസാരിച്ചിട്ടില്ല. അവരുടെ ആവശ്യങ്ങള്‍ പരിശോധിച്ച് പരിഹരിക്കണം, അതിന് ഇടപെടണം എന്ന് പറഞ്ഞിരുന്നു. പൊതുയോഗത്തിലല്ല അത് പറഞ്ഞത്. കലാപ്രവര്‍ത്തകന്‍ എന്ന നിലയിലെ എന്റെ നിലപാടും അഭിപ്രായവുമായിരുന്നു. അഭിപ്രായപ്രകടനം നടത്തിയത് മാറ്റാനുള്ള കാരണമായി കരുതുന്നില്ല', പ്രേംകുമാര്‍ പറഞ്ഞു.

'എന്നോട് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ സജീവമായി ഇനിയുമുണ്ടാവും. റസൂല്‍ പൂക്കുട്ടി ചുമതലയേറ്റെടുത്തപ്പോള്‍ ആദ്യം എന്നെയാണ് വിളിച്ചത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.