വിവാഹശേഷം ബോളിവുഡ് വിടാനുണ്ടായ കാരണം തുറന്നുപറഞ്ഞ് നടി പൂജാ ബേദി. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവാതിരിക്കാനാണ് താന്‍ അഭിനയം നിര്‍ത്തിയതെന്ന് നടി പറഞ്ഞു. 32-ാം വയസ്സില്‍ ജീവനാംശംപോലും ലഭിക്കാതെയാണ് വിവാഹമോചനം നേടിയതെന്നും അവര്‍ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറഞ്ഞു.

To advertise here,

ഭര്‍ത്താവിന്റെ കുടുംബം പിന്തുടര്‍ന്നുവന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് തനിക്കും ഭര്‍ത്താവിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തിവെക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് വിവാഹശേഷം ബോളിവുഡില്‍ സജീവമല്ലാതിരുന്നതെന്നായിരുന്നു പൂജാ ബേദിയുടെ വാക്കുകള്‍. യാഥാസ്ഥിതിക വിശ്വാസി കുടുംബത്തിലെ അംഗമാണ് മുന്‍ ഭര്‍ത്താവ് ഫര്‍ഹാന്‍. അവരുടെ മരുമകള്‍ ഒരു 'സെക്‌സി നടി'യാവുന്നത് ഒരിക്കലും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

'ഒരുപാട് വാദപ്രതിവാദിങ്ങള്‍ നടന്നു. ആദ്യമൊന്നും കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ ഒന്നിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. കുടുംബജീവിതം കലഹങ്ങള്‍ നിറഞ്ഞതാവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതിനാല്‍ സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു', നടി പറഞ്ഞു.

എതിര്‍പ്പുകളെല്ലാം മറികടന്ന് നടന്ന വിവാഹജീവിതം ഒന്‍പതുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. വിവാഹമോചനം കഠിനമായിരുന്നുവെന്നും നടി പറഞ്ഞു. ‘എനിക്ക് ഏകദേശം 27 വയസ്സുള്ളപ്പോള്‍ ആദ്യത്തെ ദുരന്തമുണ്ടായി. എന്റെ മുത്തശ്ശി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. എന്റെ നായ ചത്തു. ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ എന്നെ വളര്‍ത്തിയ ആളും മരണപ്പെട്ടു. എന്റെ അമ്മ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ചു. സഹോദരന്‍ ആത്മഹത്യ ചെയ്തു. ഇതിനിടയില്‍ എന്റെ വിവാഹബന്ധം തകര്‍ന്നു. അപ്പോള്‍ എനിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഒടുവില്‍ ജീവനാംശമൊന്നും ലഭിക്കാതെ വിവാഹമോചനവും കഴിഞ്ഞു. അന്ന് എനിക്ക് 32 വയസ്സായിരുന്നു, ഞാന്‍ ആകെ ഭയന്നുപോയിരുന്നു', പൂജാ ബേദി കൂട്ടിച്ചേര്‍ത്തു.