'പരാജയപ്പെട്ട സംവിധായകൻ' എന്ന പേളി മാണിയുടെ പരാമർശത്തിന് മറുപടിയുമായി സിബി മലയിലിന്റെ മകൻ ജോ സിബി മലയിൽ. സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തെക്കുറിച്ചുള്ള പേളിയുടെ പോസ്റ്റിന് പിന്നാലെയാണ് ഇരുവരും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ തർക്കമുണ്ടായത്. ജന്തർ മന്തറിലെ പ്രക്ഷോഭത്തെ പിന്തുണച്ച പേളി, വിദ്യാർഥികൾ അക്രമസംഭവങ്ങളിൽനിന്ന് പിന്തിരിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, പേളിയെ വിമർശിച്ച് ജോ രംഗത്തെത്തി. ഇതിന് മറുപടി നൽകവെയാണ് 'പരാജയപ്പെട്ട സംവിധായകൻ' എന്ന പരാമർശം പേളി നടത്തിയത്. പരാജയപ്പെട്ട സംവിധായകൻ എന്ന പേളിയുടെ പരാമർശം തന്റെ പിതാവിനെക്കുറിച്ചാണെന്ന് ജോ മറുപടി നൽകി.

To advertise here,

'എന്റെ പോസ്റ്റ് പലരെയും അസ്വസ്ഥരാക്കി. എത്രപേരെയാണ് അത് പ്രകോപിപ്പിച്ചത്? ഒരു പരാജയപ്പെട്ട സംവിധായകൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് പത്തുപേജ് തിരക്കഥയെഴുതി. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർത്തു', എന്നായിരുന്നു പേളിയുടെ പോസ്റ്റ്.

ഇതിന് മറുപടിയുമായെത്തിയ ജോ, പേളി വിശേഷിപ്പിച്ച പരാജയപ്പെട്ട സംവിധായകൻ തന്റെ പിതാവാണെന്ന് കുറിച്ചു. 'ആ പരാജയപ്പെട്ട സംവിധായകൻ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ ആ ഏഴ് സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്കിത്ര മടിയുണ്ടോ? 5.7 മില്യൺ ഫോളോവേഴ്‌സ് നിങ്ങളുടെ പാതിവെന്ത ആശയങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര ബുദ്ധിമുട്ടായി തോന്നുന്നോ? നിങ്ങളാണ് വ്യക്തിപരമാക്കി മാറ്റിയത്. ഇനി കളി തുടങ്ങാം. നിങ്ങളെപ്പോലൊരു ഭീരുവിനെ വളർത്തിയ അച്ഛനെപ്പോലെ 'ആ പരാജയപ്പെട്ട സംവിധായകൻ' നട്ടെല്ലില്ലാത്ത മകനെയല്ല വളർത്തിയത്. അയാളുടെ പേര് സിബി മലയിൽ എന്നാണ്. നിങ്ങൾക്ക് പറ്റുന്നതെല്ലാം ചെയ്യൂ', എന്നായിരുന്നു ജോയുടെ കുറിപ്പ്.

പിന്നാലെ കൂടുതൽ വിശദീകരണവുമായി ജോ രംഗത്തെത്തി. 'തെറ്റിദ്ധരിക്കപ്പെട്ട കാര്യം ചൂണ്ടിക്കാണിക്കുന്നത് മഹാപരാധമാണത്രെ. ഭയമില്ലാത്തവരെ അപമാനിക്കാൻ കഴിയില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്. ഞാൻ ഒരു തെറ്റ് ചൂണ്ടിക്കാണിച്ചു. അതുതന്നെ എന്റെ ജീവിതമാക്കിമാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരു സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക. അവർക്കെതിരായ വ്യക്തിപരമായ ഒരു ആക്രമണത്തേയും ഞാൻ പിന്തുണയ്ക്കില്ല. അതെന്റെ ഉദ്ദേശമായിരുന്നില്ല. അസംബന്ധത്തെ അസംബന്ധമാണെന്ന് പറയുന്നത് ആളുകൾക്ക് പ്രകോപനമുണ്ടാക്കുമെങ്കിൽ അങ്ങനെയാവട്ടെ. കൂടുതൽ ഒന്നും പറയാനില്ല. നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി എല്ലാ പ്രതിസന്ധികളിലും നിലകൊള്ളുക. മറ്റൊരാളെ നിങ്ങളെപ്പോലെ സ്‌നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ ഒന്നിച്ചു നിന്നു. നമ്മുടെ കുട്ടികൾക്കുവേണ്ടിയും നമുക്ക് അങ്ങനെ ചെയ്യാം. ജയ് ഹിന്ദ്', ജോ വിശദീകരിച്ചു.

പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയ പേളി, ജീവൻ അപകടത്തിലാണെങ്കിൽ വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് തിരികെപ്പോവണം എന്ന് ആവശ്യപ്പെട്ടിരുന്നു. 'ആർക്കും പരിക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. ജീവൻ അപകടത്തിലാണെങ്കിൽ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലുതല്ല ഒരു ലക്ഷ്യവും', പേളി കുറിച്ചു.

'മറ്റനേകം ആളുകളെപ്പോലെ, കൂടുതൽ സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടണം', അവർ അഭിപ്രായപ്പെട്ടു.

'പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും, വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല', പേളി കൂട്ടിച്ചേർത്തു.

പിന്നാലെ പേളിക്ക് ദീർഘ മറുപടിയുമായി ജോ എത്തി. ഇതിന് മറുപടി നൽകവെയാണ് പേളി, 'പരാജയപ്പെട്ട സംവിധായകൻ' എന്ന വിശേഷണം ഉപയോഗിച്ചത്.

പേളിയുടെ ആദ്യപോസ്റ്റിന് ജോ നൽകിയ മറുപടിയുടെ പൂർണ്ണരൂപം:

പേളീ, ഞാൻ ജോ. നമുക്ക് നേരിട്ടറിയില്ല. അതുകുഴപ്പമില്ല. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ് കണ്ടു. 'കമന്റ് സെക്ഷനിൽ എന്റെ അഭിപ്രായസ്വാതന്ത്ര്യ'ത്തിന്റെ പ്രതിഫലനം കാണാം എന്ന ക്യാപ്ഷനും കണ്ടു. അത് കണക്കിലെടുത്ത് ഞാൻ 'ഷെയിം ഓൺ യു' എന്ന് കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിലപാടിലെ തെറ്റെന്താണെന്ന് മനസിലാക്കിത്തരാൻ കമന്റ് സെക്ഷൻ മതിയാവില്ല എന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും വേദനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടെന്ന് പറയുന്നു. അത് നിങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയോ? പേളീ, നിങ്ങൾ കണ്ടത് നിങ്ങൾക്ക് മാത്രമേ അറിയൂ. ബാക്കിയുള്ള ലോകം കണ്ടത് നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ നിരായുധരായ വിദ്യാർത്ഥികൾക്കെതിരെയുള്ള പോലീസ് അതിക്രമമാണ്. ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. അവർ തയ്യാറെടുത്തതെല്ലാം, കഠിനാധ്വാനം, മണിക്കൂറുകൾ നീണ്ട പഠനം, മാതാപിതാക്കളുടേയും സഹപാഠികളുടെയും സമ്മർദ്ദം... കഠിനാധ്വാനം ചെയ്ത് പരീക്ഷ പാസ്സാകുക എന്നതായിരുന്നു അവർ ചെയ്യാനുണ്ടായിരുന്നത്. അത് അവരിൽ നിന്ന് തട്ടിയെടുത്തു. അത് അവരുടെ കുഞ്ഞുഹൃദയങ്ങൾക്ക് അത് താങ്ങാനായില്ല, അവർ ആത്മഹത്യ ചെയ്തു. അവർ മരിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ച വ്യവസ്ഥിതിയാണ് അവരെ കൊന്നത്.

ആ പ്രതിഷേധത്തിന് മറുപടിയായി പോലീസ് അതിക്രമം, ലാത്തിയിൽ ആണികൾ, കണ്ണീർ വാതകം, ജലപീരങ്കി എന്നിവ പ്രയോഗിച്ചു. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കയ്യേറ്റം ചെയ്തു. 10 വയസ്സുകാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദിച്ചു. വെറുതേനിന്ന സ്ത്രീയെ ഡൽഹി പോലീസിലെ ഒരു അഡീഷണൽ ഡിസിപി മർദിച്ചു, വെറുതെ നിന്നതിന്. നിങ്ങൾ ആഗ്രഹിക്കുന്നത് മാത്രം കാണാം, അത് കുഴപ്പമില്ല. നിങ്ങൾക്ക് നന്നായി മനസ്സിലാകാൻ ഒരു സാങ്കൽപ്പിക ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം. ഒരു റാബിസ് ബാധിച്ച നായ നിങ്ങളെ കടിക്കാൻ ഓടി വന്നാൽ നിങ്ങൾക്ക് കല്ലെറിഞ്ഞോ വടികൊണ്ട് അടിച്ചോ ജീവനുവേണ്ടി ഓടുകയോ ചെയ്യാം. നിങ്ങൾ അവിടെ നിൽക്കാൻ തീരുമാനിച്ചാൽ കടിക്കും, നായയ്ക്ക് കല്ലുകൊണ്ടോ വടികൊണ്ടോ മർദനമേൽക്കും. പക്ഷേ, റാബിസ് ബാധിച്ച ഒരു നായ ആരെയും കടിക്കാൻ ഓടിക്കാതെ അവിടെ നിന്നാൽ, സുബോധമുള്ള ആരും നായയുടെ പിന്നാലെ ഓടി അതിനെ അടിക്കില്ല. ഓരോ വിദ്യാർത്ഥികളും ആരുടെയെങ്കിലും കുട്ടികളാണെന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. അതുകൊണ്ടാണ് നീതി ലഭിക്കാതെ മരിച്ച ഒരാളുടെ കുട്ടിക്ക് നീതി ബോധമുള്ള ആളുകൾ ഒന്നിച്ചുനിന്നത്.

'ആർക്കും പരിക്കേൽക്കരുത് എന്നതാണ് എന്റെ മനസിൽ വന്ന ചിന്ത. സുരക്ഷിതമായിരിക്കൂ. ജീവിതം ആപത്തിലാണെങ്കിൽ വീട്ടിലേക്ക് തിരിച്ചുപോവൂ. ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ പ്രാധാന്യമുള്ള ഒരു വിഷയവുമില്ല'. ഇത് അസംബന്ധത്തിന്റെ അങ്ങേ അറ്റമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിച്ചുവീണ ധീരരുടെ ശവകുടീരങ്ങളിൽ തുപ്പുകയാണ് നിങ്ങൾ ചെയ്തത്. സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ജീവൻ നഷ്ടമായ വിദ്യാർഥികളെ നിങ്ങൾ അപമാനിച്ചു. നിങ്ങൾ ഇത്രയും സ്വാതന്ത്ര്യത്തോടെ ഈ മണ്ണിൽ നിൽക്കുന്നതും മണ്ടൻ പോസ്റ്റ് എഴുതിയതും ഭൂരിപക്ഷം ആളുകളും നിങ്ങളെപ്പോലെ ചിന്തിക്കാതിരുന്നതുകൊണ്ടാണ്. മണ്ടന്മാരായ ആളുകൾക്ക് അവരെ അപമാനിക്കാൻ വേണ്ടിയായിരുന്നല്ലോ അവരുടെ ത്യാഗം. ഇത് സർക്കാസമാണ്, നിങ്ങൾക്ക് മനസിലാവാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ.

പ്രക്ഷോഭത്തിന്റെ ലക്ഷ്യം അതിനെ പിന്തുണച്ച ഒരാളുടെ പേരിലും മങ്ങിപ്പോയിട്ടില്ല. രാജ്യത്തെ എല്ലാ ഉത്തരവാദിത്തമില്ലായ്മകൾക്കെതിരെയുമുള്ള പ്രതിഷേധങ്ങൾ ഈ മുന്നേറ്റം കാരണമാവും. ഒരു സോഷ്യൽ സ്റ്റഡീസ് ക്ലാസെടുത്ത് പഠിപ്പിക്കാൻ എനിക്ക് താത്പര്യമില്ല. രാജ്യത്ത് നടക്കുന്ന തെറ്റായ കാര്യങ്ങളെക്കുറിച്ച് അറിവുള്ള ആരെങ്കിലും കുടുംബത്തിലോ സുഹൃത്തായോ ഉണ്ടെങ്കിൽ അവരോട് സംസാരിച്ച് ഇത്തരം കാര്യങ്ങളിൽ അറിവ് നേടുക. അപ്പോൾ, ഈ പ്രതിഷേധം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് ഉണ്ടായതാണെന്നും സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം മറ്റ് പല കാര്യങ്ങളും എന്തുകൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നുവെന്നും നിങ്ങൾക്ക് മനസിലാവും.

അവസാനമായി, ചിലർ നിങ്ങളുടെ മൗനത്തെ ചോദ്യം ചെയ്യുകയും മറ്റുചിലർ പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി നിങ്ങൾ പറഞ്ഞു. നിങ്ങളോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടവർ സുഹൃത്തുക്കളാണെങ്കിൽ, അവരോടുള്ള ബന്ധം ഇപ്പോൾ തന്നെ കളഞ്ഞേക്കുക. മൗനത്തെ ചോദ്യം ചെയ്തവർ ശത്രുക്കളാണെങ്കിൽ അവരോട് അങ്ങനെ തന്നെ തുടരാൻ ആവശ്യപ്പെടുക. നിങ്ങളെ പ്രചോദിപ്പിച്ചതിലും ചോദ്യംചെയ്തതിലും രണ്ടുവിഭാഗവും തെറ്റുചെയ്തു. നിങ്ങൾ പോസ്റ്റ് ചെയ്തത് അസംബന്ധമാണെന്ന് ആരെങ്കിലും വിളിച്ചുപറഞ്ഞിട്ടുണ്ടെങ്കിൽ,അയാൾ നിങ്ങളുടെ ശരിയായ സുഹൃത്താണ്. അവരെ ചേർത്തുപിടിക്കുക.

നിങ്ങളുടെ വാക്കുകൾ ഒരുപാട് പേരിലെത്തും. അതിനാൽ നിങ്ങൾ ശരിയായ കാര്യങ്ങൾ പറയണമായിരുന്നു. ഇത് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയുന്നു. വ്യക്തിപരമായ അഭിപ്രായം സ്വകാര്യമായ ഇടത്ത് പറയണം, സാമൂഹികമാധ്യമങ്ങളിൽ അല്ല.

ഇതാണോ നിങ്ങൾക്ക് ഇന്ന് തോന്നുന്നത്? എന്റെ ദൈവമേ... ഈ അസംബന്ധം പങ്കുവെക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം പുറത്തുണ്ടായിരുന്നു. അതൊന്നും നിങ്ങൾ നോക്കിയില്ല. എന്നിട്ട് എനിക്കിതാണ് തോന്നിയതെന്ന് പറയുന്നു.

ഇതൊരു മുന്നേറ്റമാണ്. അഴിമതിക്കെതിരായണ് കുട്ടികളുടെയും സാധാരണക്കാരുടെയും പോരാട്ടം. നിങ്ങളുടെ മൂഡ് സ്വിങ്‌സിന് അനുസരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്ന, രാജ്യതലസ്ഥാനത്ത് നടക്കുന്ന പാർട്ടിയല്ല ഇത്. ഇത് നിങ്ങൾക്ക് വേണ്ടി എഴുതിയത് പി.ആർ. ടീം ആണെങ്കിൽ അവരെ ഉടൻ പറഞ്ഞുവിട്ടേക്ക്. ഇനി നിങ്ങൾ തന്നെ എഴുതിയതാണെങ്കിൽ, കേരളത്തിലെ സാക്ഷരത 94 ശതമാനമേയുള്ളൂവെന്ന് പറയാം. അതെനിക്ക് മനസിലാവും. നിങ്ങളുടെയും കുട്ടികളുടെയും ഭാവി കരുണകാട്ടട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.

നിങ്ങൾ പ്രതികരിച്ചിരുന്നില്ലെങ്കിൽ, പേടിയാണെന്നും നട്ടെല്ലില്ലെന്നും മാത്രമേ ആളുകൾ കരുതുമായിരുന്നുള്ളൂ. ഇപ്പോൾ ആളുകൾക്ക് നിങ്ങളുടെ മണ്ടത്തരം കൂടി മനസിലായി. തിരഞ്ഞെടുത്ത നിറം കൊള്ളാം.