ലഖ്‌നൗവിലെ വസതിയിൽ തന്നെ കാണാനെത്തിയ ജ്യോതിയോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

പവൻ സിംഗ് | ഫോട്ടോ: Instagram
തന്നെ വഞ്ചിച്ചുവെന്ന ഭാര്യ ജ്യോതി സിംഗിന്റെ ആരോപണത്തിന് മറുപടിയുമായി ഭോജ്പുരി സൂപ്പർതാരം പവൻ സിംഗ്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് സെഷനിൽ ജ്യോതി സിംഗ് പറഞ്ഞ കാര്യങ്ങളെ തള്ളിയത്. അടുത്തിടെ 'റൈസ് & ഫാൾ' എന്ന റിയാലിറ്റി ഷോയിൽ നിന്ന് പുറത്തുവന്ന പവൻ, ലഖ്‌നൗവിലെ വസതിയിൽ തന്നെ കാണാനെത്തിയ ജ്യോതിയോട് അങ്ങേയറ്റം ബഹുമാനം കാണിച്ചിരുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
പവന്‍ സിങ്ങിന്റെ ലഖ്‌നൗവിലെ വസതിക്ക് മുന്നില്‍ നിന്നാണ് ജ്യോതി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നത്. പവന്‍ സിങ്ങിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജ്യോതി പറഞ്ഞിരുന്നു. പവന്‍ സിങ് മറ്റൊരു സ്ത്രീയുമായി ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും ജ്യോതി ആരോപിച്ചു. ഇക്കാര്യങ്ങളാണിപ്പോൾ പവൻ സിംഗ് നിഷേധിച്ചിരിക്കുന്നത്. ജ്യോതിയെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യിക്കാൻ പോലീസിനെ വിളിച്ചുവെന്ന അഭ്യൂഹങ്ങളും താരം നിഷേധിച്ചു. ജ്യോതിയുടെ സന്ദർശന വേളയിൽ വസതിയിൽ പോലീസുണ്ടായിരുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
"എൻ്റെ ജീവിതത്തിൽ ഞാൻ ഒന്നേ വിശ്വസിക്കുന്നുള്ളൂ - ജനങ്ങൾ എനിക്ക് ദൈവത്തെപ്പോലെയാണ്. ആരുടെയെല്ലാം പിന്തുണ കൊണ്ടാണോ ഞാൻ ഇന്നീ നിലയിൽ എത്തിയത്, അവരുടെയെല്ലാം വികാരങ്ങളെ ഞാൻ എപ്പോഴെങ്കിലും വ്രണപ്പെടുത്തുമോ?" പവൻ സിംഗ് ചോദിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സഹായിക്കണമെന്ന് ജ്യോതി തന്നോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ച് ജ്യോതിയുമായി ഒന്നര മണിക്കൂർ സംസാരിച്ചിരുന്നു. ഈ സംസാരത്തിനിടയിൽ ജ്യോതി ആവർത്തിച്ച ഒരേയൊരു കാര്യം എങ്ങനെയെങ്കിലും അവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെന്നതായിരുന്നു. അക്കാര്യം തന്റെ നിയന്ത്രണത്തിൽ ഉള്ളതായിരുന്നില്ലെന്നും പവൻ കൂട്ടിച്ചേർത്തു.
താനും ജ്യോതിയും തമ്മിലുള്ള സംഭാഷണത്തിന് സാക്ഷ്യം വഹിക്കാൻ വേണ്ടി മാത്രമാണ് പോലീസ് വസതിയിൽ ഉണ്ടായിരുന്നതെന്നും സൂപ്പർതാരം വ്യക്തമാക്കി. "ഞാനാണ് പോലീസിനെ വിളിച്ചതെന്ന് സമൂഹത്തിൽ ഒരു തെറ്റിദ്ധാരണ പരത്തുന്നുണ്ട്. എന്നാൽ സത്യം എന്തെന്നാൽ, എന്ത് സംഭവിച്ചാലും അത് പോലീസിന്റെ സാന്നിധ്യത്തിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അവർ രാവിലെ മുതൽ അവിടെ ഉണ്ടായിരുന്നു. നിങ്ങളുടെ കൂടെ വന്നവരിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു അത്," അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചതിങ്ങനെ.
നേരത്തേ പൊതുപരിപാടിയില്‍ വെച്ച് നടിയെ മോശമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് വലിയ വിവാദത്തില്‍ പെട്ടയാളാണ് പവന്‍ സിങ്. സംഭവത്തിന്റെ വീഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. മോശം അനുഭവം നേരിട്ടതിനെ തുടര്‍ന്ന് താനിനി ഭോജ്പുരി സിനിമയില്‍ അഭിനയിക്കില്ലെന്ന് പവന്‍ സിങ്ങിന്റെ അതിക്രമത്തിന് വിധേയയായ നടി നിലപാടെടുത്തിരുന്നു.
Content Highlights: Bhojpuri superstar Pawan Singh refutes wife Jyoti Singh`s claims of betrayal and arrest plots. He clarifies details about her visit and political aspirations.
Published: 07 Oct 2025, 07:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented