
വലതുതോളിന് ശസ്ത്രക്രിയ നടത്തിയ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അധ്യക്ഷനുമായ നടൻ പവൻ കല്യാൺ ആശുപത്രി വിട്ടു. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽനിന്ന് ബുധനാഴ്ചയാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മടങ്ങിയ അദ്ദേഹം, ഹൈദരാബാദിലെ വസതിയിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വിശ്രമം തുടരും.
വലതുതോളിന്റെ റൊട്ടേറ്റർ കഫ് പേശികളിലെ കീറൽ മൂലമാണ് കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. പവൻ കല്യാൺ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
അടുത്ത മൂന്നാഴ്ചത്തേക്ക് പൂർണ ബെഡ് റെസ്റ്റ് എടുക്കാനും അതിനുശേഷം ഫിസിയോതെറാപ്പി ആരംഭിക്കാനുമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ നിർദേശങ്ങൾ പിന്തുടരുകയും അമിത ആയാസം ഒഴിവാക്കുകയും ചെയ്താൽ അടുത്ത നാല് മാസത്തിനുള്ളിൽ തോളിന്റെ സാധാരണ ശേഷിയും പ്രവർത്തനവും തിരികെ ലഭിക്കുമെന്നാണ് മെഡിക്കൽ സംഘം പ്രതീക്ഷിക്കുന്നത്.
പവൻ കല്യാണിന്റെ ഇടതുതോളിനും റൊട്ടേറ്റർ കഫ് പരിക്കുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും വ്യായാമങ്ങളും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആറ് മാസത്തിന് ശേഷം സ്ഥിതി വിലയിരുത്തിയ ശേഷമാകും കൂടുതൽ ചികിത്സകൾ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കുക. ആരോഗ്യം വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം രാഷ്ട്രീയ പരിപാടികളിൽനിന്നും പൊതുവേദികളിൽനിന്നും മാറിനിൽക്കും.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ചികിത്സിച്ച ഡോക്ടർമാർക്കും ജീവനക്കാർക്കും അവർ നന്ദി അറിയിച്ചു. തങ്ങൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന ബോധ്യം കുടുംബത്തിന് നൽകിയ സമാധാനം വിലമതിക്കാനാവാത്തതാണെന്ന് അന്ന കുറിച്ചു. അവരുടെ പരിചരണത്തിനും പ്രതിബദ്ധതയ്ക്കും എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നും അന്ന കൂട്ടിച്ചേർത്തു.
2016 മുതൽ വിട്ടുമാറാത്ത തോൾവേദനയെത്തുടർന്ന് പവൻ കല്യാൺ ബുദ്ധിമുട്ടുകയായിരുന്നു. രാഷ്ട്രീയവും ഔദ്യോഗികവുമായ തിരക്കുകൾ കാരണം പരിക്ക് കൂടുതൽ വഷളായി. ശസ്ത്രക്രിയയ്ക്കിടെ അദ്ദേഹത്തിന്റെ വലതുതോളിന് ഒരു 'അവൽഷൻ ഫ്രാക്ചർ' ഉള്ളതായും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആശുപത്രിയിലെത്തി പവൻ കല്യാണിനെ സന്ദർശിച്ചിരുന്നു.
Content Highlights: Andhra Pradesh Deputy Chief Minister and actor Pawan Kalyan has been discharged from Kokilaben Dhirubhai Ambani Hospital in Mumbai after undergoing a major shoulder surgery. A team of doctors led by renowned orthopedic surgeon Dr. Dinshaw Pardiwala performed a three-and-a-half-hour surgery to repair a rotator cuff tear and an avulsion fracture on his right shoulder. Pawan Kalyan has been advised to take complete bed rest for the next three weeks, followed by physiotherapy, to regain full shoulder function within four months. Due to his medical condition and recovery process, the Janasena Party chief will temporarily step back from all political activities and public appearances. Following the discharge, his wife Anna Konidela shared updates on social media thanking the medical team, while AP Chief Minister N. Chandrababu Naidu also visited him at the hospital
Published: 16 Jul 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented