മികച്ച വേഷങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് പങ്കജ് ത്രിപാഠി. അനുരാ​ഗ് കശ്യപ് സംവിധാനംചെയ്ത ​ഗ്യാങ്സ് ഓഫ് വസ്സേപുരിലെ സുൽത്താൻ ഖുറേഷി എന്ന ​ഗുണ്ടാത്തലവന്റെ വേഷമാണ് അദ്ദേഹത്തിന് സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്. ഈ സിനിമ റിലീസായതിനുശേഷം തനിക്കുണ്ടായ ഒരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ആപ് കി അദാലത്ത് എന്ന ഷോയിലായിരുന്നു പങ്കജ് ത്രിപാഠി അപൂർവാനുഭവം പറഞ്ഞത്.

To advertise here,

​ഗ്യാങ്സ് ഓഫ് വസേപുർ ഇറങ്ങിയതിനുശേഷം നിരവധി യഥാർത്ഥ ​ഗുണ്ടകൾ തന്നെ കാണാൻ വന്നിരുന്നെന്നാണ് പങ്കജ് ത്രിപാഠി തുറന്നുപറഞ്ഞത്. കാണാൻ വന്നവരിൽ ഉത്തരേന്ത്യയിൽനിന്നും ദക്ഷിണേന്ത്യയിൽനിന്നും ​ഗുണ്ടകളുണ്ടായിരുന്നു. തന്നെ ആരാധനാമൂർത്തിയേപ്പോലെ കാണുന്നുവെന്നാണ് അവർ പറഞ്ഞതെന്നും പങ്കജ് ത്രിപാഠി ഓർമിച്ചു.

"പറയുന്നത് ചെയ്യുന്നയാളാണ് സിനിമയിലെ സുൽത്താൻ ഖുറേഷിയെന്നാണ് അവർ വിചാരിച്ചിരുന്നത്. അതേസമയം വളരെ നല്ല സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് സുൽത്താനെ അവർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം. ഈ സിനിമ ഇറങ്ങിയശേഷം തിരക്കഥ ചർച്ച ചെയ്യാൻ വരുന്ന രചയിതാക്കൾ അല്പം ഭയത്തോടെയാണ് എന്നെ സമീപിച്ചിരുന്നത്. ചർച്ചയ്ക്കിടെ ഞാൻ പോക്കറ്റിൽനിന്ന് കത്തിയെടുത്ത് വീശുമോ എന്നായിരുന്നു അവർ പേടിച്ചിരുന്നത്." പങ്കജ് കൂട്ടിച്ചേർത്തു.

​ഗ്യാങ്സ് ഓഫ് വസേപുരിൽ അവസരം ലഭിക്കുന്നതിനുമുമ്പ് സംവിധായകൻ രാം​ഗോപാൽ വർമയെ കാണാൻ പോയ സംഭവവും പങ്കജ് ത്രിപാഠി പറഞ്ഞു. ആർജിവി വിളിച്ചതനുസരിച്ച് അദ്ദേഹത്തെ കാണാൻ പോയി. നാലുപേർക്കിരിക്കാവുന്ന ബെഞ്ചിലാണ് ഇരിക്കാൻ പറഞ്ഞത്. ബെഞ്ചിന്റെ ഒരരികിൽ ഇരുന്നപ്പോൾ രാം​ഗോപാൽ വർമ അതേ ബെഞ്ചിന്റെ മറ്റേയറ്റത്ത് ഇരിപ്പുറപ്പിച്ചു. അതോടെ ആ ബെ‍ഞ്ചിലിരിക്കാൻ ഇനിയും ആളുകൾ വരുമല്ലോ എന്നുള്ള ആലോചനയായി. ആരെങ്കിലും നിങ്ങളെ പതിനഞ്ച് മിനിറ്റ് തുടർച്ചയായി നോക്കിക്കൊണ്ടിരുന്നാൽ മറ്റെവിടെ നോക്കുമെന്ന് നിങ്ങൾ ആലോചിക്കും. അന്നവിടെ നിന്ന് പറഞ്ഞുവിട്ട എന്നെ ആർജിവി പിന്നീട് വിളിച്ചിട്ടേയില്ല." പങ്കജ് ത്രിപാഠി പറഞ്ഞു.

കഴിഞ്ഞവർഷം അനിരുദ്ധ റോയ് സംവിധാനം ചെയ്ത കഡക് സിം​ഗ്, ഓ മൈ ​ഗോഡ് 2 എന്നീ ചിത്രങ്ങളിലാണ് പങ്കജ് ത്രിപാഠി അഭിനയിച്ചത്.മേം അടൽ ഹൂം ആണ് അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയിയുടെ ജീവിതത്തെ ആസ്പദമാക്കി രവി യാദവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാജ്കുമാർ റാവു, ശ്രദ്ധാ കപുർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സ്ത്രീ-2 എന്ന ചിത്രത്തിലും പങ്കജ് ത്രിപാഠിയുണ്ട്.