ചെന്നൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ആരോപണം. ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഗായിക ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ രംഗത്തെത്തിയത്. പ്രശസ്തരായ എഴുത്തുകാർക്ക് വീട് നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതിയിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗായിക ആരോപണവുമായി രംഗത്തെത്തിയത്.
1998-ലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ജിംഗിൾ പാടിയിരുന്നു. അതിന്റെ വരികൾ വൈരമുത്തുവിൻറേതായിരുന്നു. നിർമാണവും അദ്ദേഹമാണെന്നാണ് തോന്നുന്നത്. ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എൻറെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിൻറെ സിഡി എ ആർ റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന ഗായിക എന്ന നിലയിൽ ഇതു കേട്ടപ്പോൾ വളരെയധികം ആവേശഭരിതയായെന്നും ഭുവന പറഞ്ഞു.
തൊട്ടടുത്ത ദിവസം തന്നെ വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫീസിൽ പോയി സി.ഡി കൈമാറി. അക്കാലത്ത് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. എൻറെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തിൽ പെടും. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങിയതോടെ എനിക്ക് അസ്വസ്ഥത തോന്നി. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു അവാർഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാൻ വൈരമുത്തു നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. വാർത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാൽ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന് ചോദിച്ചപ്പോൾ അതൊന്നുമല്ല നീ വന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താനതിൽ നിന്നും ഒഴിഞ്ഞുമാറിയതായും അവർ പറഞ്ഞു.
അദ്ദേഹത്തിനെന്നെ തകർക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു പറഞ്ഞിരുന്നു. കുറച്ച് പേരുകൾ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയിൽ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു. അവരുടെ പേരുകൾ ഞാനിപ്പോൾ പറയുന്നില്ല. അതിന് ശേഷം എനിക്ക് കാര്യമായ അവസരങ്ങൾ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമായി. കാര്യങ്ങൾ കുറച്ച് വൈകിമാത്രമാണ് മനസിലായത്. അതോടെ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചു. 2018ൽ വൈരമുത്തുവിനെക്കുറിച്ച് ആദ്യമായി സംസാരിച്ചപ്പോൾ തനിക്ക് പിന്തുണയുമായി എത്തിയ ലൈറ്റ് മ്യൂസിക് കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളുമായി ഈ അനുഭവം പങ്കുവെച്ചിരുന്നുവെന്ന് ഭുവന പറയുന്നു.
"സിനിമയിൽ നിന്നും എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തമിഴ് സിനിമാലോകം നിശബ്ദമായിരുന്നു. വൈരമുത്തുവിന് ഒഎൻവി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയിലെ സ്ത്രീകളാകട്ടെ ഞങ്ങളെ തേടിയെത്തി. അവർക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല, പക്ഷേ ഞങ്ങളോടൊപ്പം നിൽക്കാൻ അവർ തയ്യാറായിരുന്നു. വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ സംസാരിച്ചു. നാല് പേർ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുള്ളവർ അജ്ഞാതരായി തുടരുന്നു. അങ്ങനെയാണ് അവർ ഭയക്കുന്നത്. പിന്നെ ആർക്കാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുക? തീർച്ചയായും, തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന് അറിയുമ്പോൾ ആളുകൾ പിന്മാറും." ഭുവന പറഞ്ഞു.
വൈരമുത്തുവിനെതിരെ പരസ്യമായി രംഗത്തുവന്ന ഗായിക ചിന്മയി ശ്രീപാദയെ ഭുവന ശേഷൻ പ്രത്യേകം പരാമർശിച്ചു. ആ പെൺകുട്ടിയുടെ ധൈര്യം അതിശയകരമാണ്. അവർ സോഷ്യൽ മീഡിയയിൽ തുടർച്ചയായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അവൾക്ക് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് തുടരാൻ കഴിയില്ല, നിരവധി പെൺകുട്ടികൾ ഇതുമൂലം കഷ്ടപ്പെടുന്നു. ഒരു അന്വേഷണവും നടക്കാൻ പോകുന്നില്ല, അതിന് സംവിധാനം അനുവദിക്കില്ല. സിനിമയിൽ നിന്ന് ചിന്മയിയെ വിലക്കിയത് ശരിയായ രീതിയിലുള്ള ആശയവിനിമയം നടക്കാതെയാണെന്നും ഭുവന ശേഷൻ കൂട്ടിച്ചേർത്തു.
Content Highlights: one more me too allegation against lyricist vairamuthu by chennai based singer, me too
Published: 13 Jun 2023, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented