ഹോളിവുഡിലെ എഴുത്തുകാരുടെ സംഘടനയും അഭിനേതാക്കളുടെ സംഘടനയും ശക്തമായ സമരത്തിലാണ്. 'റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക'(WGA)യും 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റും'(SAG-AFTRA) സംയുക്തമായി നടത്തുന്ന സമരമാണിത്.

To advertise here,

മേയ് രണ്ട്  മുതൽ സമരത്തിലാണ്. എഴുത്തുകാർ തുടങ്ങിവെച്ച സമരത്തിൽ നടീനടന്മാരും കൂടി പങ്കുചേർന്നതോടെ പ്രതിസന്ധി രൂക്ഷമായി. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ 'സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്' (SAG-AFTRA) ആണ് എഴുത്തുകാർക്കൊപ്പം സമരത്തിലുള്ളത്.

പ്രതിഫലം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോ​ഗം എന്നീ വിഷയങ്ങളെച്ചൊല്ലിയാണ് സ്റ്റുഡിയോകൾക്ക് നേരെ താരങ്ങൾ സമരം നടത്തുന്നത്. ഇപ്പോഴിതാ സമരം മൂലം താരങ്ങൾ പരിപാടികൾ ബഹിഷ്കരിക്കാൻ തുടങ്ങിയതോടെ പുതിയ മാർ​ഗവുമായി എത്തിയിരിക്കുകയാണ് ഡിസ്നി.

സമരം മൂലം ഡിസ്നി ചിത്രം 'ഹോണ്ടഡ് മാൻഷ'ന്റെ പ്രീമിയറിനായി ടിഫനി ഹാഡിഷ്, ലാക്കെയ്ത് സ്റ്റാൻഫീൽഡ്, ജാമി ലീ കുർട്ടിസ് തുടങ്ങിയ താരങ്ങൾ എത്തിയിരുന്നില്ല. റെഡ് കാർപ്പറ്റ് ഒഴിഞ്ഞ് കിടക്കുന്ന അവസ്ഥയായിരുന്നു. പ്രമുഖ താരങ്ങളെത്തിയില്ലെങ്കിലും പ്രമീയർ നടത്താൻ ഡിസ്നി തീരുമാനിക്കുകയായിരുന്നു. 

താരങ്ങളുടെ വിടവ് നികത്താനായി പ്രശസ്ത തീം പാർക്ക് കഥാപാത്രങ്ങളെ തന്ത്രപരമായി ഉപയോ​ഗിച്ചിരിക്കുകയാണ് ഡിസ്നി. മിക്കി മൗസ്, മിന്നി മൗസ്, മാലെഫിഷ്യന്റ്, സ്നോ വെെറ്റിലെ ഈവിൾ ക്വീൻ തുടങ്ങിയ കഥാപാത്രങ്ങൾ റെഡ് കാർപ്പെറ്റിൽ തിളങ്ങി. കാലിഫോർണിയയിലെ ഡിസ്നി അഡ്വെഞ്ചർ പാർക്കിലുള്ള ഹെെപീരിയൻ തിയേറ്ററിലായിരുന്നു പ്രീമിയർ നടന്നത്. ഇൻഫ്ലുവൻസർമാരും അതിഥികളും പ്രീമിയറിനെത്തി.

സംവിധായകനും നിർമാതാവും പരിപാടിക്ക് എത്തിയിരുന്നു. ഇരുവരും പ്രീമിയറിനെത്തിയ മാധ്യമങ്ങളോട് സംസാരിച്ചു.  ജൂലെെ 28-ന് 'ഹോണ്ടഡ് മാൻഷൻ' തിയേറ്ററുകളിലെത്തും.