തിരക്കഥയെഴുതിയ ചിത്രം റിലീസാവാൻ രണ്ടുദിവസം ബാക്കിയുള്ളപ്പോഴാണ് നിസാം റാവുത്തർ വിട വാങ്ങിയത്. തന്റെ നാലാമത്തെ ചിത്രമായ 'ഒരു സർക്കാർ ഉത്പന്നം' വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ചിത്രം പ്രേക്ഷകർക്കൊപ്പം തിയേറ്ററിൽ കാണാനുള്ള ആഗ്രഹത്തിലായിരുന്നു അദ്ദേഹം. നേരത്തെ മാർച്ച് ഒന്നിനായിരുന്നു റിലീസ് തീരുമാനിച്ചത്. ഹെൽത്ത് ഇൻസ്പെക്ടറായാണ് ജോലിചെയ്തിരുന്നതെങ്കിലും മനസ്സുനിറയെ എഴുത്തും സിനിമയുമായിരുന്നു.

To advertise here,

ഒഴിവുസമയങ്ങളിൽ സിനിമാ ശ്രമങ്ങളുമായി എറണാകുളത്തേക്ക് പോകുന്നത് പതിവായിരുന്നു. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ 2011-ലാണ് നിസാം ആദ്യമായി തിരക്കഥയെഴുതിയ ചിത്രം 'ബോംബെ മിഠായി' പൂർത്തിയായത്. സിനിമാ മേഖലയിലെ സൗഹൃദങ്ങളാണ് അദ്ദേഹത്തെ ആദ്യ ചിത്രത്തിലേക്കെത്തിച്ചത്. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി. തുടർന്ന് തിരക്കഥ എഴുതിയ രണ്ടാമത്തെ ചിത്രമായ 'റേഡിയോ' 2013-ൽ പുറത്തിറങ്ങി. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിൽ സരയൂവും, ഇനിയയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. 

സംവിധായകൻ അനീഷ് അൻവറുമായുള്ള സൗഹൃദമാണ് 'സക്കറിയയുടെ ഗർഭിണികൾ' എന്ന് ചിത്രത്തിലേക്ക് എത്തിക്കുന്നത്. അനീഷ് അൻവർ തിരക്കഥയെഴുതി സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ സംഭാഷണമെഴുതിയത് നിസാമാണ്. 2013-ൽ റിലീസായ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം ഇതിൽ റിമ കല്ലിങ്കൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാസർകോട് സംഭാഷണശൈലിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് പുതിയചിത്രമായ 'ഒരു സർക്കാർ ഉത്‌പന്നം' എന്ന ചിത്രവുമായെത്തിയത്. 

വ്യക്തിപരമായ കാരണങ്ങളാലും, മികച്ച അവസരത്തിനു വേണ്ടിയുമാണ് സിനിമയിൽനിന്ന് വലിയ ഇടവേളയെടുത്തതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഒട്ടേറെ പുസ്തകങ്ങളും നിസാം റാവുത്തർ എഴുതിയിട്ടുണ്ട്. ചെറുപ്പം മുതലേ എഴുത്തിനോടും സിനിമയോടും താത്‌പര്യമുള്ള വ്യക്തിയായിരുന്നു നിസാമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു.