ചെന്നൈയിലെ ഏറെ പ്രശസ്തമായ പോയസ് ഗാർഡനിൽ ആഡംബര വസതി സ്വന്തമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. 31.5 കോടി രൂപ വിലയുള്ള ആഡംബര ഡുപ്ലെക്‌സ് അപ്പാർട്മെന്റാണ് നയൻതാരയും പങ്കാളി വിഗ്നേഷ് ശിവനും വാങ്ങിയത്. തേനാപേട്ടിലെ 'ലെഗസി' എന്ന് പേരിട്ടിരിക്കുന്ന റസിഡൻഷ്യൽ പ്രൊജക്ടിലെ നാലും അഞ്ചും നിലകളിലായാണ് അപ്പാർട്‌മെന്റ്.

To advertise here,

14,369 ചതുരശ്ര അടിയാണ് അപ്പാർട്‌മെന്റിൻരെ വിസ്തീർണ്ണം. 5,308 ചതുരശ്ര അടി ഭൂമിയും ഇതിനോട് ചേർന്നുണ്ട്. ചതുരശ്ര അടിക്ക് 21,949 രൂപ എന്ന നിരക്കിലാണ് ഇടപാട്.

ലാൻഡ്മാർക്ക് മെട്രോ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമാതാക്കൾ. രേഖകൾ പ്രകാരം കഴിഞ്ഞ ഡിസംബറിലാണ് ഇടപാട്. നയൻതാരയ്ക്ക് 90% ഓഹരിയും വിഗ്നേഷ് ശിവന് 10% ഓഹരിയുമാണ് ഉടമസ്ഥാവകാശം. എട്ട് റിസർവ്ഡ് പാർക്കിങ് സ്ലോട്ടുകളാണ് ഇവിടെയുള്ളത്.

കേരളത്തിലും ഹൈദരാബാദിലും ചെന്നൈയിലുമായി വിവിധയിടങ്ങളിൽ നയൻതാരയ്ക്ക് കോടികൾ വിലമതിക്കുന്ന വസതികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ 15 കോടി വിലമതിക്കുന്ന രണ്ട് വീടുകൾ നയൻതാരയ്ക്കുണ്ടെന്നാണ് റിപ്പോർട്ട്.

മുൻനിര രാഷ്ട്രീയ നേതാക്കളുടേയും സിനിമാക്കാരുടേയും വീടുകൾ കുടികൊള്ളുന്ന സ്ഥലമാണ് പോയസ് ഗാർഡൻ. മുൻമുഖ്യമന്ത്രി ജയലളിതയുടെ പ്രശസ്തമായ ബംഗ്ലാവ് ഇവിടെയാണ്. രജനീകാന്തിനും ധനുഷിനുമുൾപ്പെടെ ഇവിടെ വീടുണ്ട്.