മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്.
തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനാണ് ഹൃദയപൂർവത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന സോനു ടി.പി. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്.
സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വലിയ വിജയമായിരുന്നു. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രമെത്തുന്നത്. 2022ൽ ജയറാം–മീര ജാസ്മിൻ എന്നിവരൊന്നിച്ച 'മകൾ' എന്ന ചിത്രമാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. വളരെ പ്ലസന്റായിരിക്കുന്ന ഒരു ചിത്രമായിരിക്കം ഹൃദയപൂർവമെന്ന് സംവിധായകൻ വ്യക്തമാക്കി. മറ്റു വിശദാംശങ്ങളിലേക്കു തത്ക്കാലം കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാളവികാ മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
എഡിറ്റിംഗ് - കെ.രാജഗോപാൽ, കലാസംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, സഹസംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ - ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്, ഫോട്ടോ - അമൽ.സി. സദർ, പി.ആർ.ഒ- വാഴൂർ ജോസ്.
Content Highlights: Mohanlal, Sathyan Anthikad Reunite for `Hridayappoorvam`
Published: 10 Feb 2025, 11:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented