ത്തുവർഷം മുൻപാണ്. ആശുപത്രിക്കിടക്കയിൽ നിന്നൊരു കോൾ; പാതിരാനേരത്ത്.

To advertise here,

ടെലിവിഷൻ സീരിയൽ ചിത്രീകരണത്തിനിടക്ക് ബോധഹീനനായി വീണതായിരുന്നു മോഹൻ എന്ന മോഹൻ ശർമ. ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. അപകടാവസ്ഥ പൂർണമായി തരണം ചെയ്തു എന്ന് പറയാനാവില്ല. 'ഒരു കാര്യം രവിയെ വിളിച്ചറിയിക്കണെമെന്ന് തോന്നി.' മോഹൻ ഫോണിൽ പറഞ്ഞു. 'ഇവിടെ തിരുവനന്തപുരത്ത് എനിക്ക് അടുത്ത പരിചയക്കാർ വേറെ ആരുമില്ല. ആരെയും ഓർമ വന്നില്ല എന്നതാണ് സത്യം.'

അത്ഭുതം തോന്നി. വെള്ളിത്തിരയിലെ പഴയ പ്രണയനായകന് എന്തായിരിക്കണം അദ്ദേഹത്തിന്റെ ചിരകാല ആരാധകനെ വിളിച്ചറിയിക്കാനുള്ളത്?

ക്ഷീണിതമായ ശബ്ദത്തിൽ മോഹൻ തുടർന്നു: 'ആരോഗ്യാവസ്ഥ ഇപ്പോൾ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഏതു നിമിഷവും വഷളാകാം. എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ എന്റെ ശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ വേണ്ടി മെഡിക്കൽ കോളേജിലെ അനാട്ടമി ലാബിന് വിട്ടുകൊടുക്കണമെന്ന് ഞാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അക്കാര്യം രവി ഉറപ്പു വരുത്തണം.'

അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ആശ്വസിപ്പിച്ചെങ്കിലും ഉള്ളിൽ ആശങ്കയുണ്ടായിരുന്നു; വേദനയും. ചെറുപ്പത്തിൽ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന നടനാണ്. ഏറ്റവും പ്രിയപ്പെട്ട പ്രണയ ഗാനങ്ങൾ സിനിമയിൽ അവതരിപ്പിച്ച കാമുകൻ. എന്റെ മനസ്സ് വായിച്ചെടുത്തിട്ടെന്ന പോലെ ചിരിച്ചുകൊണ്ട് മോഹൻ ചിരിച്ചു: 'ടെൻഷൻ വേണ്ട. ഇതൊക്കെ സ്വാഭാവികമായ കാര്യങ്ങളല്ലേ? ജീവിതത്തിൽ ഇങ്ങനത്തെ ഘട്ടങ്ങളൊക്കെ ഏതു നിമിഷവും പ്രതീക്ഷിക്കാം. നമ്മൾ ഒന്ന് റെഡി ആയി ഇരിക്കുന്നത് നല്ലതല്ലേ?

ഭാഗ്യവശാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ഏതാനും നാളുകൾക്കകം മോഹൻ അപകടനില തരണം ചെയ്തു. ആശുപത്രി വിടുകയും ചെയ്തു.

'മരിക്കാതെ തന്നെ മരണം അനുഭവിക്കേണ്ടി വരും ചിലപ്പോൾ നമുക്ക്. അത്തരം ഘട്ടങ്ങളുമുണ്ട് എന്റെ ജീവിതത്തിൽ', മോഹൻ ഒരിക്കൽ പറഞ്ഞു. ചെന്നൈ മഹാബലിപുരം ബീച്ചിലും പരിസരത്തുമായി 'രാഗം' സിനിമയിലെ 'ഇവിടെ കാറ്റിനു സുഗന്ധം' എന്ന പാട്ടിന്റെ ചിത്രീകരണം നടക്കുന്നു. 'കടലിലെ നീന്തൽ ഒരു ഹരമാണ് എനിക്കന്ന്. ചെറുപ്പമല്ലേ. ദിവസവും ഷൂട്ടിങ് കഴിഞ്ഞാൽ ഞാൻ സീ സ്വിമ്മിങ്ങിനു പോകും. അന്നും അഞ്ചു മണിക്ക് ഷൂട്ടിങ് പാക്കപ്പ് ആയപ്പോൾ ഞാൻ നീന്താൻ പോയി. നേരം ഇരുട്ടും വരെ നീന്തിയ ശേഷം ഷൂട്ടിങ് സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയുള്ള കരയിലാണ് ചെന്നു കയറിയത്.

'കുറച്ച് നേരം മണലിൽകിടന്ന് വിശ്രമിച്ചശേഷം തിരികെ ലൊക്കേഷനിലെത്തിയപ്പോൾ അവിടെ ആകെ ശ്മശാന മൂകത. സംവിധായകൻ ഭീംസിങ് ഒരിടത്തിരുന്ന് വിതുമ്പിക്കരയുന്നു. ലക്ഷ്മി തലയ്ക്കു കൈവച്ചു അന്തം വിട്ടിരിക്കുന്നു. ഞാൻ ഒഴുക്കിൽ പെട്ട് മരിച്ചു എന്നുറപ്പിച്ചിരുന്നു എല്ലാവരും. എന്നെ കണ്ടതും ഭീംസിങ് കരച്ചിൽ നിർത്തി. കോപം കൊണ്ട് അദ്ദേഹത്തിന്റെ മുഖം തുടുത്തു. പിന്നെ കേട്ടത് ഒരു പൊട്ടിത്തെറിയാണ്. ഉത്തരവാദിത്തബോധമില്ലായ്മയുടെ പേരിൽ അന്ന് കേട്ട ചീത്തയ്ക്ക് കൈയും കണക്കുമില്ല. ദാസേട്ടനും ജാനകിയും പാടിയ ആ സുന്ദര ഗാനം കേൾക്കുമ്പോൾ എന്റെ കാതിൽ മുഴങ്ങുക രണ്ടു ഗർജ്ജനങ്ങളാണ്; കടലിന്റെയും ഭീംസിങ് സാറിന്റെയും', മോഹൻ പൊട്ടിച്ചിരിക്കുന്നു. എഴുപതുകളിലെ ആരാധികമാരുടെ മനം കവർന്ന അതേ ചിരി.

നീന്തലിനോടുള്ള ഈ ഒടുങ്ങാത്ത അഭിനിവേശം മറ്റൊരിക്കൽ അനുഗ്രഹമായി മാറിയ കഥയും പങ്കുവെച്ചു മോഹൻ. രണ്ട് മഹത്ജീവിതങ്ങളെ ദുരന്തത്തിന്റെ വക്കിൽനിന്ന് കരകയറ്റിയ കഥ.

വർഷം 1975. ഭാരതപ്പുഴയുടെ തീരത്ത് ഭരതന്റെ ആദ്യചിത്രമായ 'പ്രയാണ'ത്തിന്റെ ഷൂട്ടിങ് നടക്കുന്നു. നായികാനായകന്മാരായ ലക്ഷ്മിയും മോഹനും അഭിനയിച്ച രംഗം ക്യാമറയിൽ പകർത്തുകയാണ് ബാലു മഹേന്ദ്ര. 'വൈകിട്ട് കുറച്ചുനേരത്തെ ഷൂട്ടിങ് തീർന്നപ്പോൾ എനിക്കും ഭരതനും ബാലുവിനും ഒരു മോഹം- ഒരു കുളി പാസാക്കിയാലോ? പിന്നെ സംശയിച്ചില്ല. എല്ലാവരും കൂടി വെള്ളത്തിൽ ചെന്നു ചാടി. ഭാരതപ്പുഴയിൽ നല്ല ഒഴുക്കുള്ള കാലമാണ്'.

സന്ധ്യ കനത്തതോടെ മോഹൻ കുളി നിർത്തി കരയ്ക്ക് കയറി. 'ഇരുട്ട് വീണിരുന്നതിനാൽ മറ്റു രണ്ടു പേരെയും കാണാൻ വയ്യ. അവർ എവിടെയെങ്കിലും കയറിനിന്ന് തോർത്തുന്നുണ്ടാവും എന്ന ആശ്വാസത്തിലായിരുന്നു ഞാൻ. പൊടുന്നനെ പുഴയിൽനിന്ന് ഭരതന്റെ നിലവിളി ഉയരുന്നു, 'മോഹൻ, പ്ലീസ് ഹെൽപ്പ് മീ'. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ആകെ ഇരുട്ടാണ്. ഒന്നും കാണാനില്ല. എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിൽക്കെ അതാ മറ്റൊരു അലർച്ച, ഇത്തവണ ബാലുവിന്റെ. നീന്തലറിയാത്ത രണ്ടുപേരും വിദൂരതയിൽ എങ്ങോ മുങ്ങിത്താണു കൊണ്ടിരിക്കുകയാവാം എന്ന ചിന്ത പോലും എന്നെ നടുക്കി.

'മറ്റൊന്നും ചിന്തിച്ചില്ല പിന്നെ. കയ്യിലെ തോർത്തു വലിച്ചെറിഞ്ഞു ഞാൻ പുഴയിൽ ചാടി, ശബ്ദം കേട്ട ദിക്കിലേക്ക് നീന്തിത്തുടങ്ങി. കോളേജ് പഠനകാലത്തെ കഠിനമായ നീന്തൽ പരിശീലനം എന്റെ സഹായത്തിനെത്തിയ നിമിഷങ്ങൾ...' കാൽ മണിക്കൂറോളം ശ്രമിച്ച ശേഷമേ മുങ്ങിത്താണുകൊണ്ടിരുന്ന കൂട്ടുകാരെ കണ്ടെത്താനായുള്ളു മോഹന്. മരണവെപ്രാളത്തിലായിരുന്നു ഇരുവരും. 'കണ്ടതും അവർ എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. ക്ഷമയോടെ, ഓരോരുത്തരെയായി ഞാൻ കരയിലെത്തിച്ചു. നനഞ്ഞ മണലിൽ ഞങ്ങൾ കിതപ്പോടെ മലർന്നു കിടന്നു. ബാലു വാവിട്ടു കരഞ്ഞു. ഭരതന് ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. ലൊക്കേഷനിലെ രണ്ടു കാറുകളിൽ ഒന്നിൽ ഭരതനേയും ബാലുവിനെയും അപ്പോൾ തന്നെ ഞാൻ ഷൊർണൂരിലേക്ക് കയറ്റി വിട്ടു'.

തീർന്നില്ല. വസ്ത്രം മാറി കാറിനടുത്തേക്ക് നടക്കവേ എന്തോ മോഹന്റെ കാലിൽ തട്ടി. ഞെട്ടി താഴേക്ക് നോക്കിയപ്പോൾ, ഒരു മനുഷ്യരൂപം മണലിൽ ചുരുണ്ടുകൂടി കിടക്കുന്നു, പടത്തിന്റെ സഹസംവിധായകൻ യതീന്ദ്രദാസ്. ഇതെന്തു കഥ എന്നോർത്തു അന്തം വിട്ടു നിൽക്കെ ദാസ് വിക്കിവിക്കി പറഞ്ഞു: 'എന്നെ പാമ്പ് കടിച്ചു.' ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ആത്മസംയമനം വീണ്ടെടുത്ത മോഹൻ കൈയിലെ തോർത്ത് കൊണ്ടു യതീന്ദ്ര ദാസിന്റെ കാലിന്മേൽ പാമ്പ് കടിയേറ്റതിന് മുകളിലായി വരിഞ്ഞുകെട്ടുന്നു. പിന്നെ, മയക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന ദാസിനെ എടുത്തുയർത്തി ചുമലിലിട്ടു കാറിനടുത്തേക്ക്.

ദാസിനെ പിൻസീറ്റിൽ കിടത്തിയ ശേഷം മുൻസീറ്റിൽ കയറിയിരുന്ന മോഹൻ ഡ്രൈവർക്ക് നിർദേശം നൽകി: കഴിയുന്നത്ര വേഗത്തിൽ കാറോടിക്കുക. ഷൊർണൂരിൽ ഏതെങ്കിലും ആശുപത്രിക്ക് മുന്നിൽ എത്തിയ ശേഷമേ നിർത്താവൂ. ഇരുളിനെ വകഞ്ഞു മാറ്റി അംബാസഡർ കുതിച്ചു തുടങ്ങുന്നു. പക്ഷേ, പ്രതീക്ഷിച്ച പോലെ സുഗമമായിരുന്നില്ല യാത്ര. റോഡിന്റെ സ്ഥിതി പരമദയനീയം. ഇടയ്‌ക്കെവിടെയോ വച്ച് കാർ നിന്നു. 'സാർ ഇനി മുന്നോട്ട് പോകാൻ പറ്റില്ല. ഇറങ്ങി നടക്കേണ്ടി വരും', ഡ്രൈവർ പറഞ്ഞു.

സ്വയം ശപിച്ചുകൊണ്ട് മോഹൻ കാറിനു പുറത്തിറങ്ങുന്നു. 'അന്ന് നല്ല ആരോഗ്യമുള്ള കാലമാണ്. നിരന്തരമായ വ്യായാമംകൊണ്ടു ഉറച്ച ശരീരവുമുണ്ട്. തെല്ലും സംശയിക്കാതെ, മയങ്ങിക്കിടന്ന യതീന്ദ്രദാസിനെ എടുത്ത് ചുമലിലിട്ടു നേരെ നടന്നു ഞാൻ. ചുറ്റും കുറ്റാക്കൂരിരുട്ട്. വിജനമായ വഴി. അര മണിക്കൂറോളം നടക്കേണ്ടി വന്നു നഗര പരിധിയിൽ എത്താൻ. ഷൊർണൂരിലെ ഒരു ആശുപത്രിക്ക് മുന്നിലാണ് ആ നടത്തം അവസാനിച്ചത്. ദാസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു മടങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു: അൽപം കൂടി വൈകിയിരുന്നെങ്കിൽ കൈവിട്ടുപോയേനെ. അറിയാതെ കൈകൂപ്പി ഈശ്വരനെ സ്തുതിച്ചു പോയ നിമിഷം...'

അപശകുനങ്ങൾ പിന്നെയും വേട്ടയാടിയെങ്കിലും 'പ്രയാണം' മലയാള സിനിമാ ചരിത്രത്തിൽ ഒരു ശുഭശകുനമായി മാറിയത് പിൽക്കാല ചരിത്രം; മോഹൻ മരണത്തിൽനിന്നു രക്ഷപ്പെടുത്തിയ ഭരതനും ബാലുവും ഇന്ത്യൻ സിനിമയിലെ അപൂർവ പ്രതിഭകളായി വളർന്നതും. പ്രയാണത്തിലെ വയലാർ എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട ആ നിത്യസുന്ദര ഗാനത്തിന്റെ പല്ലവി മൂളുന്നു മോഹൻ: 'മൗനങ്ങൾ പാടുകയായിരുന്നു, കോടി ജന്മങ്ങളായി നമ്മൾ പരസ്പരം തേടുകയായിരുന്നു...'