റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, അഫ്താബ് ശിവ്ദാസാനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മസ്തി 4 എന്ന ബോളിവുഡ് ചിത്രം പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിൽ. ചിത്രത്തിലെ ഒരു പ്രധാന കോമഡി രംഗം തന്റെ വൈറൽ വീഡിയോയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് പ്രശസ്ത കണ്ടന്റ് ക്രിയേറ്റർ ആശിഷ് ശർമ്മയാണ് ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

To advertise here,

2024 ജനുവരിയിൽ ആശിഷ് ശർമ്മ പോസ്റ്റ് ചെയ്ത ‘ഷക്ക് കർണേ കാ നതീജ’ എന്ന ഇൻസ്റ്റാഗ്രാം റീലിലെ കഥാസന്ദർഭവും തമാശകളും അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 11 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു.

തന്റെ വീഡിയോയിലെ പ്രധാന ആശയം, കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപെടലുകൾ, കോമഡി  എന്നിവ ഉൾപ്പെടെയുള്ള സർഗ്ഗാത്മകമായ കാര്യങ്ങൾ നിർമ്മാതാക്കൾ പകർത്തിയതായി ആശിഷ് പരാതിയിൽ വ്യക്തമാക്കുന്നു.

സിനിമയുടെ പ്രദർശനം തടയണമെന്നും ഇതിലൂടെ ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം തനിക്ക് നഷ്ടപരിഹാരമായി നൽകണമെന്നുമാണ് കണ്ടന്റ് ക്രിയേറ്ററുടെ ആവശ്യം.

കോടതിയുടെ നടപടി

ഡൽഹി ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജി ബെഞ്ചായ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഹർജി പരിഗണിച്ചത്. ചിത്രം ഉടൻ തന്നെ ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന സാഹചര്യത്തിൽ, നിർമ്മാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ മറുപടി നൽകാൻ നിർമ്മാതാക്കൾക്ക് സമയം നൽകിയ കോടതി, ജനുവരി 13-ന് കേസ് വീണ്ടും പരിഗണിക്കും.

നവംബർ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'മസ്തി 4'-ൽ അർഷാദ് വർസി, തുഷാർ കപൂർ, നർഗീസ് ഫക്രി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. മസ്തി പരമ്പരയിലെ ചിത്രങ്ങൾ വെറും വിനോദത്തിന് വേണ്ടിയുള്ളതാണെന്നും ഇതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും നടൻ അഫ്താബ് ശിവ്ദാസാനി മുൻപ് പ്രതികരിച്ചിരുന്നു.

മറ്റൊരാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയചിത്രം അനുവാദമില്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്വന്തമെന്ന് പറയുന്നതുപോലെയാണ്, തന്റെ അധ്വാനം അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചതെന്നാണ് ആശിഷ് ശർമ്മ കോടതിയെ അറിയിച്ചിരിക്കുന്നത്.