രവി തേജയെ നായകനായി വരുന്ന മാസ് ജാത്തറ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് നാഗവംശി ലോകയെക്കുറിച്ച് പറഞ്ഞത്.

മലയാളത്തിൽ ആദ്യമായി 300 കോടി ആഗോള കളക്ഷൻ സ്വന്തമാക്കി ഇൻഡസ്ട്രി ഹിറ്റായ ചിത്രമാണ് ലോക: ചാപ്റ്റർ 1-ചന്ദ്ര. കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണിത്. ലോകയെക്കുറിച്ച് നിർമാതാവ് നാഗവംശി പറഞ്ഞ ഒരു കാര്യം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ലോക തെലുങ്കിൽ വിതരണത്തിനെത്തിച്ചത് നാഗവംശിയായിരുന്നു.
രവി തേജയെ നായകനായി വരുന്ന മാസ് ജാത്തറ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് നാഗവംശി ലോകയെക്കുറിച്ച് പറഞ്ഞത്. മലയാളത്തിലോ തമിഴിലോ ഉള്ളതുപോലെ ഉള്ളടക്കത്തിന് പ്രാധാന്യമുള്ള സിനിമകൾ നിർമ്മിക്കാൻ തെലുങ്ക് സിനിമാ വ്യവസായത്തിന് കഴിയുന്നില്ലെന്ന ധാരണയെക്കുറിച്ച് നാഗവംശിയോട് ഒരാൾ ചോദിച്ചു. ഇതിന് മറുപടി നൽകവേയാണ് ലോക നേടിയ വിജയത്തെക്കുറിച്ച് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. ലോക ഒരു തെലുങ്ക് ചിത്രമായാണ് വന്നിരുന്നതെങ്കിൽ വിജയിക്കില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
"ഞാൻ ഒരു കാര്യം പറയാം, 'ലോക' തെലുങ്കിൽ റിലീസ് ചെയ്തത് ഞാനാണ്. ഇതിന്റെ പേരിൽ ആളുകൾ എന്നെ ചീത്തവിളിക്കുമെന്ന് എനിക്കറിയാം. പക്ഷേ, 'ലോക' ഒരു നേർ തെലുങ്ക് ചിത്രമായിരുന്നെങ്കിൽ, പ്രേക്ഷകർ അതിന്റെ കഥപറച്ചിലിന്റെ വേഗതയെയും ദൈർഘ്യത്തെയും കുറിച്ച് പരാതിപ്പെടുമായിരുന്നു. അതിനെ കീറിമുറിക്കുകയും ചെയ്യുമായിരുന്നു. ഇത്തരമൊരു ചിത്രം തെലുങ്ക് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമായിരുന്നില്ല. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ എന്റെ പേര് മാറ്റുമായിരുന്നു." നാഗവംശി പറഞ്ഞു.
തെലുങ്ക് പ്രേക്ഷകർക്ക് എന്ത് ഇഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പ്രയാസമായിക്കൊണ്ടിരിക്കുകയാണെന്നും വംശി അവകാശപ്പെട്ടു. "തെലുങ്ക് പ്രേക്ഷകർ കാരണം ഞങ്ങൾ ഒരു മുൾമുനയിലാണ്. 'ലിറ്റിൽ ഹാർട്ട്‌സ്' നോക്കൂ, അതിലെ നടന്മാരെയോ അണിയറപ്രവർത്തകരെയോ ആർക്കും അറിയില്ല. പക്ഷേ പ്രീമിയറുകൾക്ക് നല്ല ബുക്കിംഗ് ഉണ്ടായിരുന്നു. അവർക്ക് ഇപ്പോൾ എന്താണ് കാണേണ്ടതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല," നാഗവംശി കൂട്ടിച്ചേർത്തു.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും, മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റർ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ ' ലോക' മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് എന്ന കിരീടവും ചൂടിയാണ് തീയേറ്ററുകളിൽ പ്രദർശന വിജയത്തിന്റെ കുതിപ്പ് തുടരുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് 'ലോക'.
Content Highlights: Ravi Teja & Naga Vamsi discuss Mass Jathara release, crediting Lokah`s Telugu success to its Malayalam origin & Telugu audience`s unpredictable tastes.
Published: 22 Oct 2025, 09:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented