മംഗളൂരു: നരസിംഹം സിനിമ കണ്ടതുമുതൽ തുടങ്ങിയതാണ് മംഗളൂരു മന്നഗുഡ്ഡ സ്വദേശി എസ്.എസ്. സൂരജിന് മോഹൻലാലിനോടുള്ള ആരാധന. വിരലിൽ വരയുടെ വരം ലഭിച്ചതുകൊണ്ടുതന്നെ ലാലിനെ കാൻവാസിലേക്ക് പകർത്താനായി മോഹം. ഒരാഴ്ച രാത്രി മാത്രമിരുന്ന് സൂരജ് വർണപ്പെൻസിലിൽ തീർത്തത് ജീവൻ തുടിക്കുന്ന, മീശപിരിച്ച് കണ്ണിൽ വിസ്മയം നിറഞ്ഞ നോട്ടവുമായുള്ള മോഹൻലാൽ ചിത്രം. ഒരു കന്നഡക്കാരൻ മലയാളം സൂപ്പർസ്റ്റാറിന്റെ ചിത്രം വരച്ചതറിഞ്ഞെത്തിയപ്പോൾ ആ ചിത്രം കാണിച്ച് മോഹൻലാലിനെ കുറിച്ച് വർണിക്കാൻ സൂരജിന് വാക്കുകളേറെ.’

To advertise here,

മലയാളം അറിയില്ലയെങ്കിലും മോഹൻലാലിന്റെ സിനിമകൾ പലതും കണ്ടിട്ടുണ്ട് ഞാൻ. ഏത്‌ കഥാപാത്രമായും പെട്ടെന്നുമാറാൻ കഴിയുന്ന ആ കഴിവ് കണ്ട് ഞെട്ടിപ്പോയി അങ്ങനെ ഞാൻ വലിയ ആരാധകനായി. ഒരു ജൂവലറിയുടെ ഉദ്ഘാടനത്തിനായി മോഹൻലാൽ മംഗളൂരു വന്നപ്പോൾ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല -സൂരജ് പറയുന്നു. ഏറെനാൾ താടിവളർത്തിയ മോഹൻലാൽ അടുത്തിടെ ഷേവ് ചെയ്ത് മീശ പിരിച്ചുള്ള ഒരു ഫോട്ടോ കണ്ടപ്പോളാണ് അത് കാൻവാസിലേക്ക് പകർത്താൻ സൂരജ് തീരുമാനിച്ചത്.

ഏറെ പ്രത്യേകതകളുള്ള മോഹൻലാലിന്റെ കണ്ണ് വരയ്ക്കുക എന്നതായിരുന്നു ഏറെ വെല്ലുവിളിയെന്ന് സൂരജ് പറയുന്നു. ഡോ .രാമണ്ണ സ്മാരക സ്കൂളിൽ ചിത്രകലാ അധ്യാപകനായ സൂരജ് 42 വർഷമായി ചിത്രകലാരംഗത്തുണ്ട്. പ്രമുഖരായ 200-ഓളം പേരുടെ ചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു. അമിതാബ് ബച്ചൻ, രജനീകാന്ത്, യേശുദാസ്, സുദീപ്, പുനീത് കുമാർ, കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുടെയൊക്കെ ചിത്രം വരച്ച് അവർക്ക് നേരിട്ട് കൊടുത്തിട്ടുണ്ട് ഇദ്ദേഹം. ഇനി ലാലേട്ടന് ഈ ചിത്രം ഒന്ന് കൊടുക്കണം. ആ ആഗ്രഹം സൂരജ് കന്നഡയിൽ പങ്കുവെച്ചു -’ഈ ചിത്രവന്നു ലാലേട്ടനിഗെ കൊടബേക്കു...’