'ഉണ്ട' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഗാങ്സ്റ്റർ ആക്ഷൻ- കോമഡി എന്റർടെയ്‌നറായി എത്തുന്ന ചിത്രം പ്ലാൻ ബി മോഷൻ പിക്‌ചേഴ്‌സിന്റേയും യൂണിവേഴ്‌സൽ സിനിമാസിന്റേയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്‌മാനും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ ബ്ലാക്- ആൻഡ് വൈറ്റിലുള്ള പോസ്റ്ററാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. പോസ്റ്ററിലെ ഒരു ചിത്രത്തിലുള്ളത് രമേഷ് പിഷാരടിയാണെന്നാണ് ആരാധകർ 'ഡീകോഡ്' ചെയ്തിരിക്കുന്നത്.

To advertise here,

കറുപ്പിലും വെളുപ്പിലുമുള്ള പോസ്റ്ററിൽ വലതുവശത്തായി പിഷാരടിയോട് സാദൃശ്യമുള്ള ഒരാളുടെ ചിത്രവും ഇതിനുതാഴെ വിജയിപ്പിക്കുക എന്ന എഴുത്തുമുണ്ട്. ഇത് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്കുള്ള വിജയാശംസയാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. എന്നാൽ, ഖാലിദ് റഹ്‌മാനുമായുള്ള തന്റെ രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സന്തോഷത്തോടെ പങ്കുവെക്കുന്നു എന്നുമാത്രമാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിപ്പായി പങ്കുവെച്ചത്.

മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലെ ബന്ധം എന്നും സിനിമാ ലോകത്ത് ചർച്ചയാണ്. മമ്മൂട്ടിയുടെ വലംകൈ ആയാണ് പിഷാരടി അറിയപ്പെടുന്നത്. കഴിഞ്ഞദിവസം പത്രിക നൽകാൻ എത്തുന്നതിന് മുമ്പ് പിഷാരടിയെ മമ്മൂട്ടി വീഡിയോകോളിൽ വിളിച്ച് ആശംസനേർന്നിരുന്നു. ശനിയാഴ്ച രാവിലെ 11.45-ന് നാമനിർദേശപത്രിക കൊടുക്കാനായി പാലക്കാട് ഡി.സി.സി. ഓഫീസിൽനിന്നിറങ്ങിയ പിഷാരടിയെത്തേടി മമ്മൂട്ടിയുടെ വീഡിയോകോൾ എത്തുകയായിരുന്നു.

നിർമാതാവ് ആന്റോ ജോസഫിന്റെ ഫോണിലേക്കാണ് മമ്മൂട്ടിയുടെ വീഡിയോ കോളെത്തിയത്. ചെറിയപെരുന്നാൾ ആഘോഷങ്ങൾക്കായി ചെന്നൈയിലാണ് മമ്മൂട്ടി. തിരഞ്ഞെടുപ്പിൽ എല്ലാ വിജയാശംസകളും നേരുന്നുവെന്ന് മമ്മൂട്ടി പിഷാരടിയോട് പറഞ്ഞു. ഷാഫി പറമ്പിൽ എം.പി.യും മറ്റു കോൺഗ്രസ് പ്രവർത്തകരും പിഷാരടിക്കൊപ്പമുണ്ടായിരുന്നു.

നേരത്തെ, പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. 'എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശയസംവാദം ചെയ്തതും മമ്മൂക്കയെന്ന് പറയുന്ന ഒരാളുമായാണ്. എത്രയോ മുഖ്യമന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാകാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്', രമേഷ് പിഷാരടി പറഞ്ഞു.

'ചലച്ചിത്രമേഖലയിൽനിന്ന് നിർബന്ധിച്ച് ആരേയും പ്രചാരണത്തിന് കൊണ്ടുവരണമെന്ന ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്, എങ്കിലും വിജയിച്ചാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.