റോഷാക്ക് എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയപ്പോൾ ഏവരും ചോദിച്ച ചോദ്യമാണ് ആരാണ് ചിത്രത്തിലെ പ്രധാനവില്ലനായ മുഖംമൂടിക്കാരനെന്ന്. ചിത്രമിറങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ അതാരാണെന്ന ഉത്തരവുമായി അണിയറപ്രവർത്തകർ തന്നെ എത്തിയിരുന്നു. ആസിഫ് അലിയായിരുന്നു ആ സസ്പെൻസ് വില്ലൻ.

To advertise here,

ഇപ്പോഴിതാ ഇങ്ങനെയൊരു വേഷം ചെയ്യാൻ സമ്മതമറിയിച്ച ആസിഫ് അലിയെ നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ മമ്മൂട്ടി. ദുബായിൽ നടന്ന റോഷാക്ക് വിജയാഘോഷത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മമ്മൂട്ടി ആസിഫ് അലിയേക്കുറിച്ച് പറഞ്ഞത്. 

"ആസിഫ് അലിയോട് നമ്മൾക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മനസ് നിറഞ്ഞ സ്നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറം മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ  ഈ മുഖം കൊണ്ട് അഭിനയിച്ചവരേക്കാൾ നിങ്ങൾ ബഹുമാനിക്കണം. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം." മമ്മൂട്ടിയുടെ വാക്കുകൾ.

മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കുക. ആ കണ്ണുകളിലൂടെയാണ് അയാൾ ഈ സിനിമയിലുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടൻ കണ്ണുകൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ദിലീപ് എന്ന നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് റോഷാക്കിൽ ആസിഫ് അലിയെത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.