തിരുവനന്തപുരം: ആദ്യകാല മലയാള ചലച്ചിത്രനടൻ കണ്ണമ്മൂല വെള്ളൂക്കുന്നേൽ വി.ടി.ജോസഫ് (89) അന്തരിച്ചു. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേൽ തെക്കുംഭാഗത്ത് കുടുംബാംഗമാണ്.

To advertise here,

വെള്ളൂക്കുന്നേൽ അപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം അനിൽകുമാർ എന്ന പേരിലാണ് സിനിമയിൽ അഭിനയിച്ചത്. പ്രേംനസീർ നായകനായി മാറുന്നതിനു മുമ്പുതന്നെ അദ്ദേഹം നായകനായി അഭിനയിച്ചിരുന്നു. 1954-ൽ കെ.വി.കോശി നിർമിച്ച ‘പുത്രധർമം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തിക്കുറിശ്ശിയാണ് ചിത്രത്തിന് സംഭാഷണമെഴുതിയത്. ലക്ഷ്മീബായി, നാണുക്കുട്ടൻ, ടി.ആർ.ഓമന, ബഹദൂർ, തിക്കുറിശ്ശി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു. 1957-ൽ പി.കെ.സത്യപാൽ നിർമിച്ച ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിൽ സത്യനൊപ്പം അഭിനയിച്ചു. കുമാരി തങ്കവും ശാന്തിയുമായിരുന്നു അതിലെ നായികമാർ.

ചെന്നൈയിൽ ബിരുദപഠന കാലയളവിലാണ് ജോസഫ് സിനിമയിലെത്തിയത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സിനിമയിൽ നിന്ന് പതിയെ പിൻവാങ്ങി. 

20 വർഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചത്. ഭാര്യ: സരള. മക്കൾ: ബിജു, ജൂഡി, ചിത്ര. മരുമക്കൾ: മോനിക്ക, പരേതനായ ജോയി, വർഗീസ് കടവിൽ. തിങ്കളാഴ്ച രാവിലെ കണ്ണമ്മൂലയിലെ വസതിയിൽ മൃതദേഹം എത്തിക്കും. സംസ്‌കാരം വൈകീട്ട് മൂന്നിന് പട്ടം സെയ്ന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.