
ചിത്രത്തിന്റെ കഥയിലും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച കല്യാണി പ്രിയദർശനിലും നിർമാതാക്കൾക്കുള്ള വിശ്വാസം മൂലമാണ് 'ലോക: ചാപ്റ്റർ വൺ- ചന്ദ്ര' യാഥാർഥ്യമായതെന്ന് നടി മാളവിക മോഹനൻ. നായികാപ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പണം മുടക്കാൻ നിർമാതാക്കൾക്ക് മടിയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂവെന്നും മാളവിക ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
'സ്ത്രീകൾ പ്രധാനകഥാപാത്രങ്ങളായിവരുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കില്ലെന്നും അതിനാൽ നിശ്ചിത തുകയിൽ കൂടുതൽ അവയ്ക്കുവേണ്ടി മുടക്കാൻ കഴിയില്ലെന്നും നേരത്തേ പുരുഷ നിർമാതാക്കളും അഭിനേതാക്കളും പറയുമായിരുന്നു. അതുകൊണ്ടാണ് സ്ത്രീകേന്ദ്രിതമായ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പണം മുടക്കാൻ ആളുകൾ മടിച്ചിരുന്നത്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ അങ്ങനെ ഉണ്ടായിട്ടുള്ളൂ'- മാളവിക ചൂണ്ടിക്കാട്ടി.
'മലയാള സിനിമയെ സംബന്ധിച്ച് 'ലോക' ബിഗ് ബജറ്റ് ചിത്രമായിരുന്നു. താരതമ്യേന പുതിയ നടിയായ കല്യാണിയാണ് ചിത്രത്തിൽ പ്രധാനവേഷം ചെയ്തത്. കണ്ടെന്റിൽ നിർമാതാക്കൾ വിശ്വാസമർപ്പിച്ചതുകൊണ്ടാണ് ആ സിനിമ യാഥാർഥ്യമായത്. കല്യാണിക്ക് ചിത്രം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസം അവർക്കുണ്ടായിരുന്നു. ബോക്‌സ് ഓഫീസിൽ ചിത്രം പണംവാരി. എന്നിട്ടും ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങളിൽ സ്ത്രീയെ നായികയാക്കാൻ നിർമാതാക്കൾ ധൈര്യപ്പെടുന്നില്ല. സാധാരണയായി പുരുഷ കഥാപാത്രങ്ങളാണ് ഇത്തരം ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്'- മാളവിക കൂട്ടിച്ചേർത്തു.
ഡൊമിനിക് അരുൺ സംവിധാനംചെയ്ത 'ലോക' നിർമിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. കല്യാണി പ്രിയദർശന് പുറമേ നസ്ലിൻ, സാൻഡി മാസ്റ്റർ, ചന്തു സലിംകുമാർ, അരുൺ കുര്യൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തി. ദുൽഖറും ടൊവിനോ തോമസും മമ്മൂട്ടിയും ചിത്രങ്ങളിൽ അതിഥിവേഷങ്ങളിലുണ്ടായിരുന്നു. 30 കോടിയോളം മുടക്കി നിർമിച്ച ചിത്രം 300 കോടിയിലേറെ ബോക്‌സ് ഓഫീസിൽനിന്ന് നേടിയിരുന്നു.
ദുൽഖൽ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനൻ സിനിമയിൽ അരങ്ങേറിയത്. 'ഹൃദയപൂർവ്വ'മാണ് നടിയുടെ ഒടുവിലിറങ്ങിയ മലയാളം ചിത്രം. പ്രഭാസ് ചിത്രം 'ദ രാജാസാബി'ലാണ് നടി ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 'ആടുജീവിതം' ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ് മാളവിക.
Content Highlights: Malavika Mohanan says big-budget films like Lokah are usually led by male actors: 'Producers don't dare to put women…'
Published: 21 Jan 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented