
കഴിഞ്ഞ വർഷം തമിഴിൽ നിന്നുമെത്തി കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ മഹാരാജ. നിതിലൻ സാമിനാഥനാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനംചെയ്തത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായിരുന്നു മഹാരാജ. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഈയിടെ ചൈനയിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ഇവിടെയും ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ പറയുന്നത്.
ഇക്കഴിഞ്ഞ നവംബർ 29-നാണ് മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തത്. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിച്ചു എന്നതിന്റെ തെളിവായി അണിയറപ്രവർത്തകർ പുറത്തുവിട്ട വീഡിയോ വൈറലായിരിക്കുകയാണിപ്പോൾ. തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്. ചിലരംഗങ്ങൾ കണ്ട് പലരും നിയന്ത്രണംവിട്ടാണ് കരയുന്നത്.
എന്തായാലും അച്ഛൻ-മകൾ ബന്ധം പറയുന്ന ഇന്ത്യൻ സിനിമകൾ ചൈനയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മഹാരാജയ്ക്കുമുൻപ് ദംഗൽ, സിംഗിംഗ് സൂപ്പർസ്റ്റാർ എന്നീ ചിത്രങ്ങൾ ചൈനയിൽ മികച്ച വിജയം നേടിയതായും അവർ ചൂണ്ടിക്കാട്ടുന്നു.
172 കോടിയാണ് ചിത്രം ബോക്സോഫീസിൽനിന്ന് വാരിക്കൂട്ടിയത്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് മഹാരാജ. ചൈനയിലെ മാത്രം കളക്ഷന്‍ 25 കോടി പിന്നിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടവും മഹാരാജ സ്വന്തമാക്കി. ജൂണ്‍ 18 ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചൈനയിലെയും തായ്‌വാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്റുകളും വന്നിരുന്നു.
ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാനവേഷത്തിലെത്തി. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights: Vijay Sethupathi`s Maharja, a critically acclaimed Tamil film, is a massive hit in China
Published: 04 Jan 2025, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented