നീറ്റ് ചോദ്യ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസ് നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ മാധവ് സുരേഷ്. ഇത്തരം വൈകൃതമായ മനോഭാവത്തിനുടമയായ ഇദ്ദേഹത്തെ ജയിലിലടയ്ക്കണമെന്ന് മാധവ് അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.

To advertise here,

"വികൃതമായ ഇത്തരം മനോഭാവത്തിനു ഇയാളെ അഴിയെണ്ണിക്കണം. ഈ ആർഎസ്എസ് ബുദ്ധിജീവിയേക്കാൾ എത്രയോ ഉന്നതമായ സംസ്കാരവും വിവേകവുമാണ് മൃഗങ്ങൾ പോലും പുലർത്തുന്നത്." ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം പങ്കുവച്ചുകൊണ്ട് മാധവ് സുരേഷ് കുറിച്ചു.

ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.

‘ഡൽഹിയിൽ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറുമെന്ന്’ മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞതും വിവാദമായിരുന്നു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശ് ആണ് അന്വേഷണം നടത്തുക.