സിനിമ കണ്ട് ധർമേന്ദ്ര വികാരാധീനനായി ചേർത്തുപിടിച്ചെന്നും നായകനായ ജോജു ജോർജിനെക്കുറിച്ച് അന്വേഷിച്ചെന്നും പദ്മകുമാർ പറഞ്ഞു.

അന്തരിച്ച വിഖ്യാത നടൻ ധർമേന്ദ്രയെ അനുസ്മരിച്ച് സംവിധായകൻ എം. പദ്മകുമാർ. ധർമേന്ദ്രയും കുടുംബവും ജോസഫ് എന്ന ചിത്രം കണ്ട അനുഭവമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സിനിമ കണ്ട് ധർമേന്ദ്ര വികാരാധീനനായി ചേർത്തുപിടിച്ചെന്നും നായകനായ ജോജു ജോർജിനെക്കുറിച്ച് അന്വേഷിച്ചെന്നും പദ്മകുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഓർമക്കുറിപ്പിലാണ് സംവിധായകൻ ഇക്കാര്യം പങ്കുവെച്ചത്.
എം. പദ്മകുമാറിന്റെ പോസ്റ്റിന്റെ പൂർണരൂപം:
ധർമ്മേന്ദ്ര വിടവാങ്ങി..
ഇന്ത്യൻ സിനിമ കണ്ട വലിയ ഹീമാൻ – പ്രണയരംഗങ്ങളുടെ തീവ്രതയും അസാമാന്യമായ ആക്ഷൻ പ്രകടനങ്ങളും കൊണ്ട് ഒരു തലമുറയെ കീഴടക്കിയ സൂപ്പർഹീറോ ധർമ്മേന്ദ്ര. ധരംജി എന്നും വിളിക്കപ്പെട്ട അദ്ദേഹവുമായി എൻ്റെ കണ്ടുമുട്ടൽ അതീവ വികാരാധീനമായിരുന്നു.
2022-ൽ ‘ജോസഫ്’ എന്ന ഞാൻ സംവിധാനം ചെയ്ത സിനിമയുടെ ഹിന്ദി റീമേക്ക് ചർച്ചക്കായി ഹിന്ദി നായകൻ സണ്ണി ഡിയോളിനെ കാണാൻ മണാലിയിലെ വീട്ടിൽ പോയപ്പോഴായിരുന്നു ധരംജിയെ ആദ്യം കാണുന്നത്. അനുമാനിച്ചതിനേക്കാൾ ഹൃദ്യമായി ആണ് ധരംജി എന്നെ സ്വീകരിച്ചത്. മലയാള സിനിമ, മമ്മൂട്ടി, മോഹൻലാൽ എന്നിവയും അദ്ദേഹത്തിന്റെ സംസാരവിഷയങ്ങളായിരുന്നു.
ഞങ്ങൾ സണ്ണിയുമായി സംസാരിക്കുമ്പോൾ ധരംജിയും കുടുംബവും അവരുടെ ഹോം തിയേറ്ററിൽ ‘ജോസഫ്’ കണ്ടു. ചർച്ചകൾ കഴിഞ്ഞ് സ്വീകരണമുറിയിൽ എത്തിയപ്പോൾ ധരംജി ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മറ്റുള്ളവരോടെല്ലാം ഇരിക്കാനാണ് പറഞ്ഞത്, പക്ഷെ ഞാൻ അടുത്തെത്തിയപ്പോൾ എഴുന്നേറ്റ് നിന്നു. എൻ്റെ മുന്നിൽ മഹാനടൻ ഒരല്പനേരം നിന്നു നോക്കി. ആ കണ്ണുകളിൽ സ്നേഹവും വാത്സല്യവും നിറഞ്ഞു. പിന്നെ എന്നെ ചേർത്തുപിടിച്ച് “well done betta… well done…” എന്നു പറഞ്ഞു. അതിനു ശേഷമുള്ളത് വികാരത്തിൽ എനിക്കു കേൾക്കാനായില്ല. അവസാനം ‘ജോസഫായി’ അഭിനയിച്ചത് ആരാണെന്ന് ചോദിച്ചു. ജോജുവിനെ കുറിച്ച് ഞാൻ പറഞ്ഞു. ആ വാക്കുകളും ആ ആലിംഗനവും എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്.
തുടർന്ന് രണ്ടുതവണ കൂടി മണാലിയിൽ പോയപ്പോൾ ധരംജിയെ കണ്ടു. അന്നത്തെ അതേ സ്നേഹവും എനിക്കു ലഭിച്ചു.
ഒരു കുസൃതി നിറഞ്ഞ ഓർമ്മ – സിനിമയുടെ casting ചർച്ചയിൽ നായികയെ കുറിച്ചുള്ള ചർച്ചയിൽ ഒടുവിൽ ധരംജിയോടു ചോദിച്ചു: ആരാണ് അനുയോജ്യമെന്ന്? ഒട്ടും lag ഇല്ലാതെ മറുപടി: “നായികമാരുടെ കാര്യം മാത്രം എന്നോടു ചോദിക്കരുത്, എല്ലാ നായികമാരേയും എനിക്കിഷ്ടമാണ്! ഒരുപോലെ!” അന്ന് മുഴങ്ങിയ കൂട്ടച്ചിരി ഇന്നും കാതുകളിൽ.
‘ജോസഫ്’യുടെ ഹിന്ദി റീമേക്ക് പൂർത്തിയായി. ഡിസംബർ ആദ്യം ധരംജിയുടെ ജന്മദിനത്തിന് TITLE അനൗൺസ് ചെയ്യാനിരിക്കെ, അദ്ദേഹം വിടവാങ്ങി. സണ്ണി ഡിയോൾ ആ കഥാപാത്രത്തെ എത്ര ഉജ്ജ്വലമായി അവതരിപ്പിച്ചു എന്നത് കാണാൻ കഴിയാതെ. എങ്കിലും എവിടെയോ നിന്ന് ഞങ്ങളെ അനുഗ്രഹിക്കുമെന്നുറപ്പ്. എന്നെ ചേർത്തുപിടിച്ചതുപോലെ ഈ സിനിമയേയും തൻ്റെ ഹൃദയത്തോട് ചേർത്തുവെക്കും. എനിക്കുറപ്പുണ്ട്.
Content Highlights: Decoding Dharmendra's Emotional Reaction to Malayalam Film 'Joseph', Recounted by M. Padmakumar
Published: 25 Nov 2025, 10:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented