സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഒന്നിച്ചെത്തി പ്രിയദർശനും ലിസിയും. കൊച്ചി കളമശ്ശേരി ചക്കോളാസിലെ ചടങ്ങിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഒരു കാറിൽ എത്തിയ ഇരുവരേയും സിബി മലയിലും സത്യൻ അന്തിക്കാടും ചേർന്ന് സ്വീകരിച്ചു.

To advertise here,

കഴിഞ്ഞദിവസമായിരുന്നു സിബി മലയിലിന്റെ മകൻ ജോ മലയിലിന്റേയും കുണ്ടുകുളം വീട്ടിൽ പോൾസൺ വർഗീസിന്റേയും മേഴ്‌സിയുടേയും മകൾ മെറിന്റേയും വിവാഹം. തുടർന്ന് കളമശ്ശേരി ദി ഗ്രൗണ്ട്‌സ് ചക്കോളാസ് മിൽ ഓഡിറ്റോറിയത്തിലായിരുന്നു സത്കാരം. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ പ്രമുഖർ സത്കാരത്തിൽ പങ്കെടുത്തു.

പ്രിയനും ലിസിയും ഒന്നിച്ച് വിവാഹത്തിനെത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. വധൂവരന്മാരെ കണ്ട് ആശംസകൾ അറിയിച്ച ശേഷം വേദിയിൽനിന്ന് പ്രിയദർശന്റെ കൈപിടിച്ചിറങ്ങുന്ന ലിസിയെ വൈറൽ ദൃശ്യങ്ങളിൽ ഒന്നിൽ കാണാം. മോഹൻലാലിനൊപ്പമാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

മോഹൻലാലും മമ്മൂട്ടിയും വിവാഹ സത്കാരത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി വിരുന്നിനെത്തിയത്. 'ഓർക്കുട്ട് ഓരു ഓർമക്കൂട്ട്' എന്ന ചിത്രത്തിലൂടെ അഭിനേതാവായ ജോ മലയിൽ, സംവിധാന സഹായിയായി പ്രവർത്തിച്ചുവരികയാണ്.

1990-ൽ വിവാഹിതരായ ലിസിയും പ്രിയദർശനും വിവാഹമോചനം നേടിയിരുന്നു. 2014-ൽ ഇരുവരും കോടതിയെ സമീപിക്കുകയും 2016-ൽ വിവാഹമോചന നടപടികൾ പൂർത്തിയാവുകയും ചെയ്തു. ഇരുവർക്കും രണ്ട് മക്കളുണ്ട്, നടി കല്യാണി പ്രിയദർശനും വിഎഫ്എക്‌സ് ആർട്ടിസ്റ്റായ സിദ്ധാർഥ് പ്രിയദർശനും.