
കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മാര്‍ച്ച് 1 ന് വളരെ കുറച്ചു കേന്ദ്രങ്ങളില്‍ മാത്രം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏപ്രില്‍ 26 ന് ആണ് 'ലാപതാ ലേഡീസ്' നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഒരു മാസത്തിനകം തന്നെ 13.8 മില്യണ്‍ വ്യൂവര്‍ഷിപ്പ് നേടി. റണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ 'അനിമല്‍ എന്ന ചിത്രത്തിന്റെ റെക്കോഡിനെ മറികടക്കുകയും ചെയ്തു.
ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലാണ് 'ലാപതാ ലേഡീസി'ന്റെ കഥ നടക്കുന്നത്. രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലാണിവര്‍. ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു വരന്‍ വധുവിന്റെ കൈപിടിച്ചിറങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം മനസ്സിലാകുന്നത്. അത് സ്വന്തം വധുവായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
അതിനിടെ സിനിമയുമായി ബന്ധപ്പെട്ട വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. 1999 ല്‍ താന്‍ സംവിധാനം ചെയ്ത 'ഘുന്‍ഘട്ട് കേ പട് ഖോല്‍' എന്ന സിനിമയുമായി ലാപതാ ലേഡീസിന് സാമ്യമുണ്ടെന്ന് സംവിധായകന്‍ ആനന്ദ് മഹാദേവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഇത് നിഷേധിച്ച് ''ലാപതാ ലേഡീസി'ന്റെ തിരക്കഥാകൃത്ത് ബിലപ് ഗോസാമി രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് വിവാദത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ആനന്ദ് മഹാദേവന്‍.
''എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമായിരുന്നു. 1999 ല്‍ ഒരു ഓസ്‌ട്രേലിയന്‍ ചാനല്‍ ഇവിടെ വന്നിരുന്നു. ചാനല്‍ 19 ഗോള്‍ഡ് എന്നായിരുന്നു പേര്. അവിടെ ഡയറക്ടേഴ്‌സ് കട്ട് എന്ന പ്രോഗ്രാമുണ്ടായിരുന്നു. അതിന്റെ ഭാഗമായി നിര്‍മിച്ച സിനിമയായിരുന്നു. ഒരു യഥാര്‍ഥ സംഭവമായിരുന്നു, സത്യന്‍ കപു എന്ന നടന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയത്. അദ്ദേഹത്തിന്റെ വിവാഹത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ഭാര്യയ്‌ക്കൊപ്പം ബസ് സ്്‌റ്റോപ്പില്‍ കാത്തിരിക്കുകയായിരുന്നു. ബസ് എപ്പോള്‍ വരുമെന്ന് അറിയാനായി അദ്ദേഹം സമയം ചോദിക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ ഭാര്യയെ കാണാനില്ല. ഭാര്യ ഘുന്‍ഘട്ടിലായിരുന്നു (ഷാളില്‍). ഭര്‍ത്താവിന്റെ മുഖം അവര്‍ കണ്ടിട്ടുണ്ടായിരുന്നില്ല. മറ്റാരോ വന്നപ്പോള്‍ അത് ഭര്‍ത്താവാണെന്ന് കരുതി അവര്‍ പോയി. അദ്ദേഹം വന്നപ്പോള്‍ ഭാര്യയെ കാണാനില്ല. ഈ സംഭവത്തില്‍ നിന്നാണ് കഥ വികസിപ്പിച്ചത്.
ഒരു ഗ്രാമത്തില്‍ ഒരു സമൂഹവിവാഹം നടക്കുകയും അവിടെ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യാനായി ട്രെയ്‌നില്‍ കയറിയ രണ്ടു നവവധുക്കള്‍ മാറിപ്പോകുന്നു. ജീവിതപങ്കാളിയെ കണ്ടുപിടിക്കാന്‍ അവര്‍ നടത്തുന്ന അന്വേഷണവും അതെ തുടര്‍ന്നുണ്ടാകുന്ന ട്വിസ്റ്റുമാണ് ചിത്രത്തിന്റെ ആകെ തുക. ലാപതാ ലേഡീസില്‍ ചില വ്യത്യാസങ്ങളുണ്ട്. പക്ഷേ ഒരുപാട് കാര്യങ്ങള്‍ സാമ്യമാണ്.
ഞാന്‍ വിവാദമുണ്ടാക്കാനല്ല അത് പറഞ്ഞത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. എനിക്ക് പരാതിയില്ല. രണ്ടു സിനിമകളും തമ്മില്‍ സാമ്യമുണ്ടായത് യാദൃശ്ചികമായിരിക്കാം. എന്നാല്‍ എന്റെ സിനിമ നേരത്തേ യൂട്യൂബില്‍ ഉണ്ടായിരുന്നു. നാല്‍പ്പതിനായിരത്തിലേറെ പേര്‍ കണ്ടതുമാണ്. പക്ഷേ ഇപ്പോഴത് അപ്രത്യക്ഷമായിരിക്കുന്നു. അതിനുള്ള കാരണം എന്താണെന്ന് അറിയില്ല''- ആനന്ദ് മഹാദേവന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
Content Highlights: laapataa ladies anand mahadevan ghunghat ke pat khol similarity, 1999
Published: 25 May 2024, 07:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented