ഫാസിൽ സംവിധാനംചെയ്ത് കുഞ്ചാക്കോ ബോബൻ-ശാലിനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ‘അനിയത്തിപ്രാവ്’ റിലീസായിട്ട് 29 വർഷങ്ങൾ പൂർത്തിയാവുന്നു. ഇക്കാര്യം പരാമർശിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്. ഫാസിലിനൊപ്പം നിൽക്കുന്ന സെൽഫി ചിത്രമാണ് നടൻ പങ്കുവെച്ചത്.

To advertise here,

കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് സമയം കടന്നുപോകുന്നതെന്നും തന്നെ താനാക്കിയ ഈ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വ്യാപ്തി, എന്നത്തേയും പോലെ ഇപ്പോഴും പുതുമയോടെ നിലനിൽക്കുന്നുവെന്നും ഫാസിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചു. അവിസ്മരണീയമായ ദിനത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും താരം കൂട്ടിച്ചേർത്തു. 

ഔസേപ്പച്ചൻ, ശാലിനി, സുധീഷ്, അർജുൻ അശോകൻ, നസ്‌റിയ ഫഹദ്, വിജയ് യേശുദാസ്, എം.ജി. ശ്രീകുമാർ എന്നിവരെയെല്ലാം കുഞ്ചാക്കോ ബോബൻ കുറിപ്പിൽ ടാഗ് ചെയ്തിട്ടുണ്ട്. ചലച്ചിത്രതാരങ്ങളടക്കം ഒട്ടേറെപ്പേർ പോസ്റ്റിന് കമന്റുകളുമായെത്തി.

കുറിപ്പിൻെറ പൂർണരൂപം 
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ സമയം കടന്നുപോകുന്നു...പക്ഷേ, എന്നെ ഞാനാക്കിയ ഈ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും വ്യാപ്തി, എന്നത്തേയും പോലെ ഇപ്പോഴും പുതുമയോടെ നിലനിൽക്കുന്നു. അല്ലെങ്കിൽ അതിലും മികച്ചതായി തലമുറകളായി നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ദശാബ്ദങ്ങളുടെ ബന്ധം തുടരുമ്പോൾ, എന്റെ ഏറ്റവും അവിസ്മരണീയമായ ദിനത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അനിയത്തിപ്രാവിന്റെ 29 വർഷം.

ലവ് ആൻഡ് ലവ് ഓൺലി...

ഈ ജീവിതയാത്രയിൽ എന്നോടൊപ്പം ഓഫ് സ്‌ക്രീനിനും ഓൺ സ്‌ക്രീനിനും മുന്നിലും പിന്നിലും എന്നോടൊപ്പം ഉണ്ടായിരുന്ന ഓരോരുത്തർക്കും. ഈ ജീവിതം മനോഹരമാക്കിയതിന് ടെക്‌നീഷ്യൻമാർ, കലാകാരന്മാർ, മാധ്യമങ്ങൾ, പ്രേക്ഷകർ, സുഹൃത്തുക്കൾ, കുടുംബം എന്നിവർക്കെല്ലാവർക്കും പ്രത്യേക സ്‌നേഹം.

സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമിച്ച ചിത്രം 1997-ലാണ് റിലീസായത്. ഈ  സിനിമയിലൂടെയാണ് മലയാളസിനിമയുടെ നിറുകയിലേക്ക് നിത്യഹരിതനായകനായി കുഞ്ചാക്കോ ബോബനെത്തിയത്.